കായംകുളം: സംസ്ഥാന പാതയായ കായംകുളം - പുനലൂർ റോഡിന്റെ വികസനത്തിനായി കായംകുളം മുരുക്കുംമൂട്ടിലെ മുത്തശി മാവ് മുറിച്ചുനീക്കി. മുരുക്കുംമൂടിന്റെ അടയാളത്തിലുപരി തലമുറകൾക്ക് നാട്ടുമാങ്ങയുടെ പുളിയും മധുരവും സമ്മാനിച്ച മാവിന് മേൽ കോടാലി വീണതറിഞ്ഞ് വൃക്ഷ സ്നേഹികളുൾപ്പെടെ നിരവധിപേർ സ്ഥലത്തെത്തി. തിരക്കേറിയ കായംകുളം - പുനലൂർ റോഡിൽ ബാരിക്കേഡ് വച്ച് ഇരുവശത്തേക്കുമുള്ള ഗതാഗതം തടഞ്ഞശേഷം കൂറ്റൻ വടങ്ങളിൽ ചില്ലകളൊന്നൊന്നായി മുറിച്ച് കെട്ടിയിറക്കുകയായിരുന്നു. നാലുനില കെട്ടിടത്തിനേക്കാൾ ഉയരത്തിലായിരുന്ന മാവിൻ ചില്ലകൾക്ക് താങ്ങാനാകാത്ത വിധത്തിലായിരുന്നു മാങ്ങ. നാട്ടുകാരും വഴിയാത്രക്കാരുമുൾപ്പെടെ നൂറ് കണക്കിനാളുകളാണ് മുത്തശിമാവിന്റെ മാങ്ങശേഖരിക്കാനെത്തിയത്.ഇന്നോ നാളെയോ മാത്രമേ തായ്ത്തടിയുൾപ്പെടെ മാവ് പൂർണമായും മുറിച്ച് നീക്കാൻ കഴിയൂ. മാവ് മുറിക്കലുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണം കായംകുളം - പുനലൂർ റോഡിൽ ഗതാഗതതടസത്തിനും മുരിക്കുംമൂട്ടിലും പരിസരത്തും വൈദ്യുതി മുടക്കത്തിനും കാരണമായി.