
ചെങ്ങന്നൂർ: പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിനെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 16ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ ജെയിൻ ജിനു ജേക്കബിനെതിരെ അഞ്ച് ബി.ജെ.പി അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയമാണ് പരാജയപ്പെട്ടത്. ഇന്നലെ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായ വരണാധികാരി ചർച്ചയ്ക്ക് വിളിച്ചെങ്കിലും കോൺഗ്രസും സി.പി.എമ്മും പങ്കെടുക്കാതെ വിട്ടുനിന്നതോടെ പരാജയപ്പെടുകയായിരുന്നു. അവിശ്വാസ പ്രമേയം പാസാകണമെങ്കിൽ ഏഴ് അംഗങ്ങൾ പിന്തുണയ്ക്കണം. എന്നാൽ ഇരു മുന്നണികളും വിട്ടു നിന്നതോടെ ബി.ജെ.പി ഉന്നയിച്ച പ്രമേയം പരാജയപ്പെട്ടു. കോറം തികയുന്നതിന് 7 അംഗങ്ങൾ ഇല്ലാതെ വന്നതോടെ യോഗ നടപടികൾ നടത്താൻ കഴിഞ്ഞില്ലെന്നും അവിശ്വാസം പരാജയപ്പെട്ടതായി പ്രഖ്യാപിച്ചുവെന്നും വരണാധികാരിയായ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ. ദിൽഷാദ് പറഞ്ഞു.
പ്രമേയം പരാജയപെട്ടതോടെ ബി.ജെ.പിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ്ണ നടത്തി. ജനങ്ങുടെ കണ്ണിൽ പൊടിയിടാനുള്ള സി.പി.എമ്മിന്റെ എല്ലാ നീക്കങ്ങൾക്കും പിന്തുണ നൽകുന്ന സമീപനമാണ് കോൺഗ്രസ് ഇവിടെ സ്വീകരിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. കോൺഗ്രസ് പിന്തുണയോടെ സി.പി.എം ഭരണം നടത്തുന്ന പാണ്ടനാട്ടിൽ അവിശ്വാസം പരാജയപ്പെട്ടതോടെ പ്രസിഡന്റിനെതിരെ വീണ്ടും അവിശ്വാസം കൊണ്ടുവരണമെങ്കിൽ ഇനിയും ആറുമാസം കഴിയേണ്ടിവരും.