
ചാരുംമൂട് : ടിപ്പർ അപകടത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. താമരക്കുളം കണ്ണനാകുഴി കണ്ണമ്പള്ളിൽ വർഗ്ഗീസ് ഡാനിയേൽ (64)ആണ് മരിച്ചത്. കായംകുളം - പുനലൂർ റോഡിൽ കറ്റാനത്തിനു സമീപം വെട്ടിക്കോട് അമ്പനാട്ടു മുക്കിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അപകടം. വർഗീസ് ഡാനിയേൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറും ലോഡുമായി വന്ന ടിപ്പറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയിൽ ടിപ്പറിനടിയിൽപ്പെട്ട ഇദ്ദേഹത്തിന്റെ ശരീരഭാഗത്തു കൂടി ചക്രം കയറി ഗുരുതരമായി പരിക്കേറ്റിരുന്നു. കറ്റാനത്തുള്ള സ്വകാര്യാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവല്ലയിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. കറ്റാനത്തെ ബാങ്കിൽ നിന്ന് പണമെടുക്കാനെത്തിയതായിരുന്നു വർഗീസ്. ദുബായിലായിരുന്ന അദ്ദേഹം മകന്റെ കല്യാണത്തിനായി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന്.ഭാര്യ: ഷാലി വർഗീസ്.മക്കൾ: മെറിൻ, കെവിൻ, ജെറിൻ. മരുമക്കൾ: ഘോഷ്, ജിൻസി.