ആലപ്പുഴ: തിരഞ്ഞെടുപ്പുകാലത്ത് സർക്കാർ വാഹനങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള
ഒരു ബോർഡുണ്ട്; ഇലക്ഷൻ അർജന്റ്. നാടിന്റെ തലങ്ങും വിലങ്ങും പായുന്ന ഇത്തരം ബോർഡുവച്ച വാഹനങ്ങളിൽ ചിലത് ഇത്തവണ അനങ്ങാതെ റോഡിൽക്കിടക്കുന്നത് കണ്ടാൽ അദ്ഭുതംവേണ്ട, ഇന്ധനം തീർന്നെന്ന് കരുതിയാൽ മതി. കാരണം അത്രയ്ക്ക് ശോകമാണ് കാര്യങ്ങൾ. പൊലീസിന്റേതും വിവിധ സർക്കാർ വകുപ്പുകളുടെയും വാഹനങ്ങൾ ഇന്ധനമില്ലാത്തും അറ്റകുറ്റപ്പണികൾ നടത്താത്തതും കാരണം ഏത് നിമിഷവും വഴിയിൽ വീഴാം.
ജില്ലയിലെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയ വകയിൽ കിട്ടാനുള്ള കാൽക്കോടിയോളം രൂപയ്ക്കായി ഡീലർമാർ എസ്.പി ഓഫീസിലും എം.വി എസ്.ഐയുടെ ഓഫീസിലും കയറിയിറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ സെപ്തംബർ മുതലുള്ള തുക കുടിശികയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് അലോട്ട്മെന്റ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർ.
ഇന്ധനകുടിശിക ആറ് മാസത്തോളം
1. പൊലീസിന് പുറമേ മറ്റ് സർക്കാർ വകുപ്പുകൾക്കും വൻതുക കുടിശികയുണ്ട്. റവന്യു, വാട്ടർ അതോറിട്ടി, തദ്ദേശ സ്വയംഭരണം, സിവിൽ സപ്ളൈസ്, കൃഷി, രജിസ്ട്രേഷൻ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ കുടിശിക
2.ലോക്സഭാ തിരഞ്ഞെടുപ്പിനായി ജില്ലയിലെ വിവിധ ഓഫീസുകളുടെ 130 ഓളം വാഹനങ്ങൾ ഇലക്ഷൻ കമ്മീഷൻ ഏറ്റെടുത്തിട്ടുണ്ട്. ഫ്ളൈയിംഗ് സ്ക്വാഡുൾപ്പെടെ വിവിധ സ്ക്വാഡുകളുടെ പ്രവർത്തനത്തിനാണിത്.
3.വാഹനങ്ങളുടെ ഇന്ധന ചെലവിനായി അരക്കോടിയോളം രൂപ ഇലക്ഷൻ കമ്മീഷൻ മുൻ കൂർ നൽകിയെങ്കിലും പരിപാലനമില്ലാതെ പല വാഹനങ്ങളും എപ്പോൾ വേണമെങ്കിലും വഴിയിൽ വീഴാവുന്ന നിലയിലാണ്
4. ടയറുകൾ വാങ്ങിയ വകയിൽ സർക്കാർ വാഹനങ്ങൾക്ക് ഒരു കോടിയിലധികം രൂപയുടെ കുടിശികയുണ്ട്. അതിനാൽ ടയറോ മറ്റ് സ്പെയർ പാർട്സോ നൽകാൻ കച്ചവടക്കാർ തയ്യാറല്ല. സെപ്തംബറിന് ശേഷം ഒരു രൂപപോലും പൊലീസ് ആസ്ഥാനത്ത് നിന്ന് ഇന്ധന ചെലവിന് അനുവദിച്ചിട്ടില്ല
ഇന്ധനമില്ലെങ്കിലും
ഓട്ടത്തിന് കുറവില്ല
പൊലീസിന്റേതുൾപ്പെടെ സർക്കാർ വാഹനങ്ങൾക്ക് ഇന്ധനത്തിനോ ടയറിനോ പരിപാലനത്തിനോ പണമില്ലെങ്കിലും ഓട്ടത്തിന് ഒരുകുറവുമില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ക്വാഡ് ആവശ്യത്തിന് ഉൾപ്പടെ എറ്റെടുത്ത വാഹനങ്ങൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഓട്ടത്തിലാണ്. ഫലപ്രഖ്യാപനത്തിന് രണ്ടുമാസത്തിലധികം സമയം ഉണ്ടെന്നിരിക്കെ ഫണ്ടില്ലാതെ എങ്ങനെ തിരഞ്ഞെടുപ്പിനെ അതിജീവിക്കുമെന്ന് ആക്കും ഒരു നിശ്ചയവുമില്ല. കഴിഞ്ഞവർഷത്തേതിനേക്കാൾ കുറച്ച് തുകയാണ് പൊലീസ് വാഹനങ്ങളുടെ ഇന്ധനത്തിനും പരിപാലനത്തിനുമായി ഇത്തവണ അനുവദിച്ചത്.
ജില്ലയിലെ പൊലീസ്
വാഹനങ്ങൾ: 230
ക്രമസമാധാന
പാലനത്തിന്: 123
10വർഷത്തിലധികം
പഴക്കമുള്ളവ: 93
മോശം ടയറുള്ള
വാഹനങ്ങൾ: 107
മറ്റ് സർക്കാർ വാഹനങ്ങൾ: 327
ഇലക്ഷന് ഏറ്റെടുത്തത്: 130