anish-

മാന്നാർ: രണ്ടുപതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോൾ സ്വന്തമായൊരു കൃഷിയിടമെന്നതായിരുന്നു മാന്നാർ കുട്ടംപേരൂർ മേടയിൽ അനീഷിന്റെ സ്വപ്നം.

വീടിനോട് ചേർന്നുള്ള 25 സെന്റിൽ പയറ്, പാവൽ, വെണ്ട, ചീര എന്നിവ കൃഷിയിറക്കി സ്വപ്ന സാക്ഷാത്ക്കാരത്തിന് തുടക്കമിട്ടു. തുടർന്ന് കഠിനാദ്ധ്വാനത്തിന്റെ നാളുകൾ. മാസങ്ങൾ കഴിഞ്ഞതോടെ അദ്ധ്വാനത്തിന്റെ ഫലം കിട്ടിത്തുടങ്ങി. 60കിലോയിലധികം പയറും 50 കിലോയോളം പാവക്കയുമാണ് കഴിഞ്ഞ ദിവസം ഈ യുവകർഷകൻ വിളവെടുത്തത്. ഒരു തരത്തിലുള്ള രാസവളങ്ങളും ഉപയോഗിക്കാതെ പൂർണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ച് വിളയിച്ചെടുത്ത ഈ പച്ചക്കറികൾ അനീഷ് തന്നെ വീടുകളിൽ എത്തിച്ച് വിൽപ്പന നടത്തി. ഇതോടെ,​ ദിവസവും നിരവധി പേർ അനീഷിനെ ഫോണിൽ വിളിച്ചും കൃഷിയിടത്തിലെത്തിയും പച്ചക്കറികൾ വാങ്ങാൻ എത്തിത്തുടങ്ങി. പടവലം, സാലഡ് വെള്ളരി തുടങ്ങിയവ കൂടി ഉൾപ്പെടുത്തി കൃഷിവിപുലപ്പെടുത്തുന്ന തിരക്കിലാണ് ഇപ്പോൾ അനീഷ്.

സുഹൃത്തുക്കളും അയൽവാസികളുമായ സുരേഷ്, അനിൽ എന്നിവരാണ് അനീഷിന്റെ കൃഷിയിടത്തിലെ പ്രധാന സഹായികൾ. മാന്നാർ കൃഷി ഓഫീസർ പി.സി ഹരികുമാറിന്റെയും അസി. കൃഷി ഓഫീസർ അമൃതലിപിയുടെയും നിർദ്ദേശങ്ങളും ഉപദേശങ്ങളും അനീഷിന് തുണയാകുന്നുണ്ട്. കൃഷിയിൽ തത്പരരായ ചെറുപ്പക്കാരുടെ കൂട്ടായ്മ രൂപീകരിച്ച് നെല്ല് ഉൾപ്പെടെയുള്ളവ കൃഷി ചെയ്യാനാണ് അനീഷിന്റെ തീരുമാനം. കുവൈറ്റിൽ നഴ്‌സായി ജോലിചെയ്യുന്ന നിഷയാണ് ഭാര്യ.