
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പൊതുവേ ഇടത്തേയ്ക്കും, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ഭൂരിഭാഗം തവണയും വലത്തേയ്ക്കും ചായുന്നതാണ് ആലപ്പുഴയുടെ ശീലം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൈവിട്ടു പോയ ഏക സീറ്റ് തിരിച്ചുപിടിക്കണമെന്ന് യു.ഡി.എഫും, കൈയിൽ കിട്ടിയ ഏക മണ്ഡലം നഷ്ടപ്പെടുത്തരുതെന്ന വാശിയിൽ എൽ.ഡി.എഫും കളം നിറയുമ്പോൾ, പ്രതീക്ഷിച്ചതിലധികം വോട്ട് സമ്മാനിച്ച ആലപ്പുഴയിൽ എങ്ങനെയും താമര വിരിയിക്കാൻ എൻ.ഡി.എയും കരുക്കൾ നീക്കുന്നു. കഴിഞ്ഞ തവണ ഇരു മുന്നണികളിലും മുസ്ലീം സ്ഥാനാർത്ഥികളായിരുന്നതും, ഹിന്ദു വോട്ടുകളുടെ ഒഴുക്കുണ്ടായതും ബി.ജെ.പിക്ക് ഗുണം ചെയ്തിരുന്നു. ഏറ്റവുമധികം ഈഴവ വോട്ടർമാരുള്ള മണ്ഡലമാണ്. എന്നാൽ അത്തരം പക്ഷഭേദമൊന്നും മണ്ഡലം കാണിക്കാറുമില്ല.
കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ നിന്ന് ആലപ്പുഴയിൽ മത്സരാർത്ഥിയായി പാർട്ടി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന കെ.സി. വേണുഗോപാൽ എത്തിയത് പ്രവർത്തകർക്കിടയിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. ഈ ആവേശം വോട്ടായി മാറിയാൽ ആലപ്പുഴ വീണ്ടും കെ.സിക്ക് സ്വന്തമാകും. എന്നാൽ ആവേശം യു.ഡി.എഫിന് അനുകൂലമാകില്ലെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. യു.ഡി.എഫ് സ്ഥാനാർത്ഥിയെ കാണാനില്ല എന്നാണ് ഇടതുപക്ഷവും എൻ.ഡി.എയും ഉയർത്തുന്ന ആക്ഷേപം. കോൺഗ്രസിന്റെ ദേശീയ വിഷയങ്ങളിലും, രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമ്പോൾ ആലപ്പുഴയിലെ യു.ഡി.എഫ് പ്രചരണത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യമുണ്ടാകാറില്ല.
ഇതോടെ ദേശീയതലത്തിലെ ഉത്തരവാദിത്തം കെ.സി. വേണുഗോപാലിന് ആലപ്പുഴ മണ്ഡലത്തിൽ ഒരുപോലെ ഗുണ ദോഷ ഘടകമായേക്കും. പ്രചാരണത്തിന്റെ പൂർണ ഉത്തരവാദിത്തം നേതാക്കൾക്കും അണികൾക്കുമാണ്. കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയത്തിരക്ക് ആലപ്പുഴയിലെ വോട്ടർമാരെ നിരാശരാക്കുന്നുവെന്ന വിമർശനമാണ് ഉയർന്നിട്ടുള്ളത്. വളരെ നേരത്തെ പ്രചരണം ആരംഭിച്ച അഡ്വ. എ.എം. ആരിഫും ഇടതു മുന്നണിയും, റോഡ് ഷോകളും കുടുംബസംഗമങ്ങളും പൂർത്തിയാക്കി ബൂത്ത് തല കൺവൻഷനുകളിലേക്കു കടന്നു. കടുത്ത മത്സരം നേരിടുന്ന മണ്ഡലത്തിൽ പ്രചാരണത്തിൽ മുന്നിൽ നിൽക്കുന്നത് ഇടതുപക്ഷമാണ്. ബി.ജെ.പിയും റോഡ് ഷോകൾ പിന്നിട്ട് കുടംബസംഗമങ്ങൾ ആരംഭിച്ചു. യു.ഡി.എഫിന്റെ പ്രചരണം ഇപ്പോഴും റോഡ് ഷോകളിൽ തുടരുകയാണെന്നതാണ് പ്രധാന പോരായ്മ.
മൂന്നു തവണ എം.എൽ.എയും, രണ്ടു തവണ എം.പിയുമായിരിക്കേ നടപ്പാക്കിയ വികസനങ്ങളാണ് കെ.സി. വേണുഗോപാലിന്റെ പ്ലസ് പോയിന്റ്. ഒപ്പം രാഷ്ട്രീയത്തിന് അതീതമായി അദ്ദേഹം മണ്ഡലത്തിൽ വളർത്തിയെടുത്ത വ്യക്തിബന്ധങ്ങളും. മണ്ഡലത്തിന്റെ ഓരോ കോണിലും ജനങ്ങളെ പേരെടുത്ത് അഭിസംബോധന ചെയ്യുന്ന ദേശീയ നേതാവ് എന്ന വികാരം ജനങ്ങൾക്കിടയിലുണ്ട്. വിജയം ഉറപ്പാക്കാൻ കെ.സിയെ കളത്തിലിറക്കിയതോടെ അവസരം നഷ്ടപ്പെട്ടവർ കാലുവാരില്ലെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. മോദി ട്രെൻഡിൽ മണ്ഡലത്തിൽ വോട്ട് ചോർച്ചയുണ്ടായാൽ ആ വോട്ടുകളിൽ സിംഹഭാഗവും കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ നിന്നാകും. എൻ.എസ്.എസിന്റെ മാനസിക പിന്തുണയും യു.ഡിഎഫിനെ തുണയ്ക്കാനാണ് സാധ്യത.
കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് മണ്ഡലത്തിലാകെ വ്യക്തിബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ എ.എം. ആരിഫും ലക്ഷ്യം കണ്ടിട്ടുണ്ട്. കോളേജ് രാഷ്ട്രീയ തിരഞ്ഞെടുപ്പു കാലം മുതൽ പരാജയത്തിന്റെ കയ്പ്പുനീർ അനുഭവിച്ചിട്ടില്ല. മുതിർന്ന നേതാവ് കെ.ആർ. ഗൗരി അമ്മയെ അടക്കം പരാജയപ്പെടുത്തിയായിരുന്നു രാഷ്ട്രീയ മുന്നേറ്റം. പ്രചരണ രംഗത്ത് ഒരുപിടി മുന്നിൽ നിൽക്കുമ്പോഴും, മുൻകാലങ്ങളെ അപേക്ഷിച്ച് വികസന വിഷയങ്ങളിൽ പിന്നാക്കമാണെന്ന ആക്ഷേപമാണ് എതിരാളികൾ ആരിഫിനെതിരെ ഉയർത്തുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ആണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ. മണ്ഡലം നിലനിറുത്തുക എന്നത് ഇടതുമുന്നണിക്ക് അഭിമാന വിഷയമാണ്.
മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം മണ്ഡലത്തിലെ വോട്ടുകൾ ഉയർത്തുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുള്ള നേതാവാണ് ശോഭാ സുരേന്ദ്രൻ. കേരളത്തിലെ വനിതാ രാഷ്ട്രീയ നേതാക്കളിൽ പ്രമുഖ എന്ന ഇമേജ് ശോഭയ്ക്ക് ഗുണം ചെയ്യും. ഒപ്പം ഈഴവ പ്രാമുഖ്യമുള്ള ആലപ്പുഴയിലെ സാമുദായിക സമവാക്യങ്ങളും അനുകൂലമായാൽ ബി.ജെ.പിക്ക് മണ്ഡത്തിലെ വോട്ട് നില ഉയർത്താനാകും. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് ശബരിമല വിഷയം ഏറെ ചർച്ചയായിരുന്നു. എന്നാൽ ഇത്തവണ അത്തരമൊരു അടിയൊഴുക്കിന് കാരണമായേക്കാവുന്ന വിഷയങ്ങളില്ല. പ്രചരണത്തിനായി മണ്ഡലത്തിലിറങ്ങിയ ദിവസം മുതൽ താഴേത്തട്ടിലെ ജനങ്ങളിലേക്ക് നേരിട്ടെത്തി വ്യക്തിപരമായ പിന്തുണ ഊട്ടിയുറപ്പിക്കാൻ ശോഭാ സുരേന്ദ്രൻ ശ്രദ്ധിക്കുന്നുണ്ട്. എസ്.എൻ.ഡിപിക്ക് വേരോട്ടമുള്ള ആലപ്പുഴയിൽ ബി.ഡി.ജെ.എസിന്റെ സ്വാധീനം ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലും എൻ.ഡി.എയ്ക്ക് കരുത്തേകുന്നു.