
അമ്പലപ്പുഴ: ദേശീയപാതയിൽ കാക്കാഴം മേൽപ്പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇതേതുടർന്ന് ഒന്നരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം.ആലപ്പുഴ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടന്ന് പോകവെ , എതിർദിശയിൽ വന്ന ബൈക്കിൽ തട്ടി നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് ഇടിച്ചു കയറി. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബൈക്ക് യാത്രികന് നിസാര പരിക്കേറ്റു. ഫുട്പാത്തിന് മുകളിൽ കയറിയ വീൽ പിന്നീട് ബസ് ഡ്രൈവർ ഓടിച്ച് താഴെ ഇറക്കി പാലത്തിന്റെ ഒരു വശത്തേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.അമ്പലപ്പുഴ പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.