ആലപ്പുഴ: താഴെ തട്ടിലുള്ള പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ യു.ഡി.എഫ് കുടുംബ സംഗമങ്ങൾക്ക് ഹരിപ്പാട് തുടക്കം കുറിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാ വിരുദ്ധ പ്രവർത്തനവും ജനദ്രോഹനയങ്ങളും ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബസംഗമങ്ങൾ. ഒരു ബൂത്തിൽ മൂന്ന് കുടുംബസംഗമം നടത്താനാണ് യു.ഡി.എഫ് പാർലമെന്റ് കമ്മിറ്റി തീരുമാനം. ഏപ്രിൽ 23ന് മുഴുംവൻ ബൂത്തുകളിലും കുടുംബസംഗമം പൂത്തികരിക്കുന്നതരത്തിലാണ് പരിപാടി ക്രമീകരിക്കുക.

പള്ളിപ്പാട് പഞ്ചായത്തിൽ ഹരിപ്പാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിന് വടക്ക് വശം ഡോ. രാജേഷ് എരുമക്കാടിന്റെ വസതിയിൽ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുംബ സംഗമങ്ങളുടെ പാർലമെന്റ് മണ്ഡലം തല ഉദ്ഘാടനം നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ്, എ.എ.ഷുക്കൂർ തുടങ്ങി യു.ഡി.എഫിന്റെ നേതാക്കൾ പങ്കെടുത്തു.

വരും ദിവസങ്ങളിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ, മുൻമന്ത്രി വി.എസ്.ശിവകുമാർ, പി.സി.വിഷ്ണുനാഥ് എം.എൽ.എ, അൻവർസാദിഖ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ തുടങ്ങി യു.ഡി.എഫിന്റെ സംസ്ഥാന ജില്ല നേതാക്കൾ കുടുംബസംഗമങ്ങത്തിൽ പങ്കെടുക്കും.