ചേർത്തല:മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴിയിൽ ഹോട്ടലുകളിലും പൊതു ഇടങ്ങളിലും പരിശോധന ശക്തമാക്കി പഞ്ചായത്ത്. ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒന്നാം വാർഡിൽ കോഴിമാലിന്യങ്ങൾ വലിച്ചെറിഞ്ഞ വ്യക്തിക്കെതിരെയും ശുചിത്വമില്ലാതെ പ്രവർത്തിച്ച ഹോട്ടലുടമയ്ക്കുമെതിരെയും പതിനായിരം രൂപ വീതം പിഴ ഈടാക്കി.ഹോട്ടൽ പരിസരം ശുചിയാക്കണമെന്ന് കാണിച്ച് നിരവധി തവണ കത്തുനൽകിയിരുന്നു.പഞ്ചായത്ത് അതിർത്തിയിൽ വൃത്തിഹീനമായി പ്രവർത്തിക്കുന്ന മീൻ തട്ടുകളിലും പരിശോധന കൂടുതൽ ശക്തമാക്കി. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നുമുള്ള പ്ലാസ്​റ്റിക് സംഭരണം ഊർജിതമായി നടന്നുവരികയാണ്. ഒന്നാം വാർഡ് നൂറുശതമാനം യൂസർ ഫീ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. മിനി എം.സി.എഫ് കേന്ദ്രീകരിച്ച് ഹരിതകർമ്മസേനയുടെ സഹായത്താൽ പൂന്തോട്ടങ്ങൾ പരിപാലിക്കുന്ന പദ്ധതിയും വിജയകരമായി നടക്കുന്നുണ്ട്.