photo

ചേർത്തല: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോനാപ്പള്ളിയിൽ പെസഹാ വ്യാഴാഴ്ചയായ ഇന്ന് മൈത്രി ദീപം തെളിയും.എട്ട് പതി​റ്റാണ്ടിന് മുമ്പ് തങ്കിപ്പള്ളിയിൽ കർത്താവിന്റെ അത്ഭുത തിരുസ്വരൂപം എത്തിച്ചപ്പോൾ നാട്ടിലെ ജനങ്ങൾ നിലവിളക്ക് കത്തിച്ച് രാപകൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അക്കാലത്ത് സുലഭമായിരുന്ന തേങ്ങ ഉപയോഗിച്ച് ചക്കിൽ ആട്ടിയ വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത്. ഈ വിളക്കിൽ നിന്നെടുത്ത എണ്ണ വിശ്വാസികൾ മാറാരോഗങ്ങൾക്ക് പോലും ഔഷധമായി ഉപയോഗിക്കും. അതിന്റെ ഓർമ്മയ്ക്കായാണ് നാനാജാതി മതസ്ഥർ ചേർന്ന് ദീപക്കാഴ്ച ഒരുക്കുന്നത്. ഇന്ന് വൈകിട്ട് 7ന് ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് അനിൽകുമാർ അഞ്ചംതറ, ചേർത്തല മുസ്ലിം ജമാഅത്ത് സെക്രട്ടറി എം.എ.കരീം തുടങ്ങിയവർ പങ്കെടുക്കും. ഇന്ന് വൈകിട്ട് 5.30 ന് തിരുവത്താഴ ബലിക്ക് കൊച്ചി രൂപത വികാരി ഫാ.ജോർജ് എടേഴത്ത് മുഖ്യ കാർമ്മികത്വം വഹിക്കും.ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പി പൊടി അച്ചൻ ) സംസാരിക്കും. 7.30 ന് നേർച്ച കഞ്ഞി വെഞ്ചരിപ്പ്.ആരാധന. രാത്രി 12 ന് അത്ഭുത തിരുസ്വരൂപം ചുംബനത്തിനായി പള്ളിയങ്കണത്തെ മുല്ലപ്പൂ പന്തലിൽ കിടത്തും.കൊച്ചി ബിഷ് ഡോ.ജോസഫ് കരിയിൽ മുഖ്യ കാർമ്മികത്വം വഹിക്കും വികാരി ഫാ.ജോർജ് എടേഴത്തിന്റെയും ജനറൽ കൺവീനർ ടോമി കളത്തിപ്പറമ്പിലിന്റെയും സഹവൈദികരുടെയും നേതൃത്വത്തിൽ 2500 വാളണ്ടിയേഴ്സ് കർമ്മ രംഗത്ത് സജീവമാണ്.