transformer

മാന്നാർ: അപ്പർ കുട്ടനാടൻ മേഖലയിൽപെട്ട മാന്നാർ കുരട്ടിശ്ശേരി നാലുതോട് പാടശേഖരത്തിലെ കർഷകരുടെ ആവലാതിക്ക് മന്ത്രിയുടെ പരിഹാരം. വർഷങ്ങളായി ചെന്നിത്തല ആറാംബ്ലോക്കിലേയും നാലുതോട് പാടശേഖരത്തിലെയും നെൽകൃഷിക്കായി ജലസേചനം നടത്തുന്നതിനായി മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന് 70 കെ.വിയുടെ ഒരു ട്രാൻസ്ഫോർമറിൽ നിന്നായിരുന്നു വൈദ്യുതി ഉപയോഗിച്ചിരുന്നത്. നാലുതോട് പാടശേഖരത്തിലേക്ക് ചെങ്ങന്നൂർ സമൃദ്ധിയിലൂടെ 50 എച്ച്.പിയുടെ വെർട്ടിക്കൽ പമ്പ് അനുവദിച്ചതോടെ പമ്പിംഗ് നടത്തുന്നതിന് ശേഷി കുറഞ്ഞ ട്രാൻസ്‌ഫോർമറിനു പകരം പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണിച്ച് മന്ത്രി സജി ചെറിയാൻ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയായിരുന്നു . അതിന്റെ ഭാഗമായി എസ്റ്റിമേറ്റ് പ്രകാരം 2023 മാർച്ച് 20 നു 332000 രൂപ കൃഷി വകുപ്പ് മുഖേന മാന്നാർ കെ.എസ്.ഇ.ബി യിൽ അടയ്ക്കുകയും ചെയ്തിരുന്നു. വർഷം ഒന്ന് കഴിഞ്ഞിട്ടും ട്രാൻസ്‌ഫോർമർ സ്ഥാപിക്കാത്തതിനെ തുടർന്ന് ഹരിദാസ് കിം കോട്ടേജിന്റെ നേതൃത്വത്തിലുള്ള പുതിയ പാടശേഖര സമിതി കെ.എസ്.ഇ.ബിയിൽ അന്വേഷിച്ചപ്പോൾ നിലവിലെ എസ്റ്റിമേറ്റ് പ്രകാരം 56000 രൂപ കൂടി അടയ്ക്കണമെന്ന മറുപടിയാണ് ലഭിച്ചത്. വീണ്ടും സജി ചെറിയാന്റെ നിർദേശപ്രകാരം കൃഷി വകുപ്പ് മുഖേന ബാക്കി തുക അടച്ചതോടെ നാലുതോട് മീൻകുഴിവേലി മോട്ടോർ തറയ്ക്ക് സമീപം 100 കെ.വിയുടെ ട്രാൻസ്‌ഫോർമർ കഴിഞ്ഞ ദിവസം സ്ഥാപിച്ചു. ഇന്നലെ വൈദ്യുതി ചാർജ്ജും ചെയ്തു.