ഹരിപ്പാട്: വട്ടച്ചാലിൽ നിന്ന് മൂന്ന് ദിവസം മുൻപ് മോഷണം പോയ മത്സ്യബന്ധനവളള എൻജിനുകളിലൊന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുത്തൻ പറമ്പിൽ ഗിരിദാസിന്റെ ഉടമസ്ഥതയിലുളള എൻജിനാണ് മോഷണം പോയ സ്ഥലത്തിനടുത്തുളള വീടിന്റെ മട്ടുപ്പാവിൽ ഉപേക്ഷിച്ചത്. വിവരമറിഞ്ഞ് എൻജിൻ കൊണ്ടുപോകാനായി പൊലീസെത്തിയെങ്കിലും വിരലടയാളം ഉൾപ്പെടെയുളള ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യവുമായി നാട്ടുകാരും മത്സ്യത്തൊഴിലാളികളുമെത്തി. ഇതേതുടർന്ന് വിരലടയാള വിദഗ്ദ്ധരെത്തി പരിശോധിച്ചശേഷം വൈകിട്ടാണ് എൻജിൻ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയത്. വീട്ടുകാർ അറിയാതെയാണ് എൻജിൻ മട്ടുപ്പാവിൽ കൊണ്ടുവച്ചത്. ഗിരിദാസിന്റെ കൂടാതെ കന്നേൽ പടീറ്റതിൽ കലേഷിന്റെ എൻജിനും മോഷണം പോയി. കാർഗിൽ ജംഗ്ഷനു കിഴക്ക് ഷാപ്പിന് സമീപം കായലോരത്ത് സൂക്ഷിച്ചിരുന്ന എൻജിനുകളാണ് കൊണ്ടു പോയത്. ഈ എൻജിനുകൾ ഉൾപ്പെടെ രണ്ടു മാസത്തിനിടെ പ്രദേശത്ത് നിന്ന് ഏഴ് എൻജിനുകളാണ് മോഷണം പോയത്.