ആലപ്പുഴ: ഒരു വശത്ത് സമ്മർദ്ദം താങ്ങാതെ വിണ്ടു കീറിയ റോഡുകൾ. മറുവശത്ത് ഓടയിലെ മാലിന്യ കൂമ്പാരം കൊണ്ട് നിറഞ്ഞ വഴികൾ. ആലപ്പുഴ നഗരത്തിന്റെ ദുരസ്ഥയാണിത്. വൈ.എം.സി.എ ജംഗ്ഷൻ മുതൽ കളർകോട് വരെയുള്ള റോഡിന് കിഴക്ക് വശമാണ് സിറ്റി ഗ്യാസ് ലൈൻ പദ്ധതിക്ക് വേണ്ടി തുരക്കുന്നത്. ഒരു വശം തുരന്ന് മീറ്ററുകളോളം നീളത്തിൽ പൈപ്പ് റോഡിന് അടിയിലൂടെ കടത്തി വിടുകയാണ്. പൈപ്പ് കടന്നുപോകുന്ന സമ്മർദ്ദത്തിലാണ് റോഡ് വിണ്ടുകീറുന്നത്.
പകൽ സമയത്ത് ജോലി നടക്കുന്നതിനാൽ ഏതാനും ഭാഗത്ത് വൺവേ സംവിധാനം ഏർപ്പെടുത്തുന്നുണ്ടെങ്കിലും, ജനറൽ ആശുപത്രി ജംഗ്ഷൻ മുതൽ കളർകോട് വരെ ഒറ്റവരി പ്രായോഗികമല്ല. രാത്രി സമയത്ത് വലിയ വാഹനങ്ങൾ കടന്നുപോകുമ്പോഴാണ് ഏറെ ബുദ്ധിമുട്ട്. റോഡിന്റെ പകുതി ഭാഗത്തോളം നിർമ്മാണ ആവശ്യത്തിനായി മറച്ചിരിക്കുകയാണ്. ഇതോടെ ഇടുങ്ങിയ റോഡിലൂടെ ഒരേ സമയം രണ്ട് ബസ്സുകൾക്ക് കടന്നുപോകാനാവില്ല.
ഓടയിലെ മാലിന്യം റോഡിൽ
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഓടിയിൽ നിന്ന് കോരിയ മാലിന്യം കാൽനടക്കാർ ആശ്രയിക്കുന്ന നടപ്പാതയിൽ കൂട്ടിവെച്ചിരിക്കുകയാണ്. ചെളിയും മാലിന്യവുമാണ് കൂട്ടിവെച്ചിരിക്കുന്നത്. കടുത്ത വേനലായതിനാൽ മാലിന്യം ഒഴുകുന്നില്ല. ഏതെങ്കിലും ദിവസം വേനൽ മഴ ലഭിച്ചാൽ സ്ഥിതി വ്യത്യസ്തമാകും. കോരി വെച്ചിരിക്കുന്ന മാലിന്യം പ്രദേശമാകെ പരക്കും. നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ ഓട വൃത്തിയാക്കി മാലിന്യം റോഡിലേക്ക് തള്ളിയിട്ട് ആഴ്ച്ചകൾ പിന്നിട്ടു. മുമ്പും മാലിന്യം റോഡിൽ കൂട്ടിവെയ്ക്കാറുണ്ടായിരുന്നെങ്കിലും, അടുത്ത ദിവസങ്ങളിൽ തന്നെ ഇവ നീക്കം ചെയ്യുമായിരുന്നു.
ഓട വൃത്തിയാക്കിയതോടെ റോഡ് വൃത്തികേടായ അവസ്ഥയായി. കൂട്ടിവെച്ചിരിക്കുന്ന മാലിന്യം നീക്കം ചെയ്യാൻ അധികൃതർ തൊഴിലാളികളെ അയക്കണം
-വ്യാപാരികൾ, ജനറൽ ആശുപത്രി ജംഗ്ഷൻ