ആലപ്പുഴ : പഴയദേശീയ പാത പൊളിച്ചുനീക്കാൻ കോൾഡ് മില്ലിംഗ് മെഷീനെത്തി. പൊളിക്കുന്ന റോഡിന്റെ ടാറും മെറ്റലുമുൾപ്പെടെ മുഴുവൻ അസംസ്കൃത വസ്തുക്കളും നിർമ്മാണത്തിനായി പുനരുപയോഗിക്കുകയാണ് ലക്ഷ്യം. ആലപ്പുഴ പറവൂരിൽ പുതിയ ദേശീയ പാത ടാർ ചെയ്ത ഭാഗത്താണ് പഴയദേശീയ പാത പൊളിക്കൽ ആരംഭിച്ചത്. മൂന്നര മീറ്ററോളം വീതിയിലാണ് പഴയ പാത പൊളിച്ചുനീക്കുന്നത്.

കാതുപൊട്ടുന്ന ശബ്ദകോലാഹലമോ പൊടിയോ പുകയോ ഇല്ലാതെ ചെറിയ ഒരു ഇരമ്പൽ ശബ്ദത്തോടെയാണ് മില്ലിംഗ് മെഷീന്റെ പ്രവർത്തനം. ഭാരവാഹനങ്ങളുൾപ്പെടെ വർഷങ്ങളായി ഓടിത്തറഞ്ഞ റോഡിന്റെ പരുപരുത്ത ടാറിംഗ് സഹിതമുള്ള പ്രതലം കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ പൊളിച്ച് പൊടിപാറാതെ നനച്ച് അര ഇഞ്ച് കനമുള്ള പീസുകളാക്കി തൊട്ടുമുന്നിലുള്ള ടിപ്പറിലേക്ക് മോട്ടോറിൽ നിന്ന് വെള്ളം ചീറ്റുംമാതിരി പമ്പ് ചെയ്ത് വിടുന്ന കാഴ്ച വഴിയാത്രക്കാരിലും നാട്ടുകാരിലും കൗതുകമുണർത്തുന്നു. മണിക്കൂറിനകം കിലോമീറ്റർ നീളത്തിലാണ് റോഡ് മില്ലിംഗ് മെഷീനിൽ തവിടുപൊടിയാകുന്നത്. ടിപ്പറുകളിൽ നിറയുന്നതനുസരിച്ച് ലോഡ് കണക്കിന് മില്ലിംഗ് വേസ്റ്റാണ് പാത നിർ‌മ്മാണം നടക്കുന്ന സൈറ്റുകളിലേക്ക് പായുന്നത്. റോഡ് നിർമ്മാണത്തിന് അസംസ്കൃത വസ്തുക്കളുടെ ക്ഷാമം രൂക്ഷമായിരിക്കെ പുതിയ പാതയ്ക്കായി മണ്ണിട്ട് നിരപ്പാക്കിയ സ്ഥലങ്ങളിൽ മെറ്റലിംഗിനുമുന്നോടിയായാണ് ഇവ ഉപയോഗിക്കുന്നത്. ഇതിന് മീതെ നിശ്ചിത അളവിൽ ബി.എമ്മും ബി.സിയും ചെയ്ത് ടാർ ചെയ്താൽ റോഡ് ഗതാഗതത്തിന് റെഡി.

മൂന്ന് കോടിയുടെ മെഷീൻ

 ആലപ്പുഴയിൽ ആദ്യമായാണ് ഡബ്ള്യു 100 എച്ച്.ആർ സീരിയസിലുള്ള മില്ലിംഗ് മെഷീന് മൂന്നുകോടിരൂപയാണ് വില

 മില്ലിംഗ് മെഷീന്റെ തന്നെ മറ്രൊരുവകഭേദവും റോഡ് നിർമ്മാണത്തിനെത്തിയിട്ടുണ്ട്

 മുന്നിലും പിന്നിലും രണ്ട് ടാങ്കറുകളുടെ അകമ്പടിയോടെയാണ് ഇതിന്റെ പ്രവർത്തനം

 നനച്ച് പൊടിക്കുന്ന റോഡിലെ ടാറും മെറ്റലും പിന്നിലെ ടാങ്കറിൽ നിന്നുള്ള ടാറുമായി കൂട്ടിക്കലർത്തി പുനരുപയോഗിക്കും