mekha

ആലപ്പുഴ: പൊലീസ് ലാത്തി ചാർജ്ജിൽ ഗുരുതര പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘാ രഞ്ജിത്ത് രണ്ട് മാസം പിന്നിട്ടിട്ടും വേദനയുടെ ലോകത്ത് നിന്ന് മോചിതയല്ല. ഒരു മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് മേഘ കരുനാഗപ്പള്ളിയിലെ വീട്ടിൽ കഴിഞ്ഞ മാസം മടങ്ങിയെത്തിയത്.

നേരിയ ആശ്വാസം തോന്നി നടന്നു തുടങ്ങിയതോടെ വേദന വീണ്ടും കലശലായി. കഴുത്തിനും പുറത്തുമാണ് അസഹനീയ വേദന. ഇന്നലെയും തുടർചികിത്സയ്ക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു മേഘയും കുടുംബവും. 25 ലക്ഷം രൂപയുടെ വായ്പയെടുത്ത് ആരംഭിച്ച ബ്യൂട്ടി പാർലറിൽ തിരികെ കയറാൻ സാധിച്ചിട്ടില്ല. ഇതോടെ സ്ഥാപനത്തിന്റെ പ്രവർത്തനവും പ്രതിസന്ധിയിലാണ്. മേഘയുടെ ചികിത്സയ്ക്ക് വേണ്ടി ഒപ്പം നിൽക്കുന്നതിനാൽ ഭർത്താവ് രഞ്ജിത്തിന് വൈദ്യുതാലങ്കാര ജോലികൾക്കും പോകാൻ സാധിക്കുന്നില്ല. കരുനാഗപ്പള്ളിയിലുള്ള സ്വന്തം വീട്ടിലാണ് മേഘയും കുടുംബവുമിപ്പോൾ. ഒരുകണ്ണിന് കാഴ്ചയില്ലാത്ത അച്ഛനും ഹോട്ടലിൽ പച്ചക്കറിയരിഞ്ഞ് വരുമാനം കണ്ടെത്തുന്ന അമ്മയുമാണ് സഹായത്തിനുള്ളത്.

കോടതി കനിയുമെന്ന് പ്രതീക്ഷ

പൊലീസ് ലാത്തി ചാർജ്ജിലേറ്റ ഗുരുതര പരിക്കിന് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മേഘാ രഞ്ജിത്ത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ജനുവരി 15ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർക്കിടയിൽ നിന്ന് മാറി നിൽക്കുമ്പോഴാണ് പൊലീസ് ക്രൂരമായി മർദിച്ചതെന്നും, തലയ്ക്കും കഴുത്തിനും ഗുരുതരപരുക്കേറ്റെന്നും മേഘയുടെ ഹർജിയിൽ പറയുന്നു.ഹർജിയിൽ ജസ്റ്റിസ് ടി.ആർ.രവി സർക്കാരിന്റെ നിലപാട് തേടി.

രണ്ട് മാസം പിന്നിട്ടിട്ടും മേഘയുടെ വേദനയ്ക്ക് കുറവില്ല. നടന്നു തുടങ്ങിയതോടെയാണ് വീണ്ടും വേദന കലശലായത്. മേഘയെ ചികിത്സയ്ക്ക് കൊണ്ടുപോകേണ്ടതിനാൽ എനിക്കും ജോലിക്ക് പോകാനാകുന്നില്ല

- രഞ്ജിത്ത്