ആലപ്പുഴ: വൈകാരികതയിൽ വാർത്താമാദ്ധ്യമങ്ങൾക്ക് ആത്മാവ് നഷ്ടപ്പെട്ടുപോകരുതെന്നും കേരളകൗമുദി ഇന്നും ആത്മാവ് നഷ്ടമാകാതെ പിടിച്ചു നിൽക്കുന്ന പത്രമാണെന്നും ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.

കേരളകൗമുദിയുടെ 113ാം വാർഷികാഘോഷവും എസ്.എൻ.ഡി.പി യോഗം വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങും ആലപ്പുഴ ഹോട്ടൽ റോയൽ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നവർക്ക് കാലങ്ങളെ അതിജീവിക്കാൻ സാധിക്കും. ചടങ്ങിന്റെ ഭാഗമായി പത്രാധിപരുടെ കുടുംബചിത്രം അച്ചടിച്ചു വന്നപ്പോൾ കുടുംബത്തെ കാണാനല്ല പത്രം വാങ്ങുന്നത് എന്ന് ഒരു വായനക്കാരൻ കാർഡയച്ചു. പത്രത്തിൽ വായനക്കാരൻ അയച്ച കത്ത് അതേപടി പ്രസിദ്ധീകരിച്ചുകൊണ്ട് ഇനി ഇത്തരം ചിത്രങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പ് പത്രാധിപർ നൽകി. വിമർശനങ്ങളെ അതിന്റേതായ അർത്ഥത്തിൽ സ്വീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

താൻ മിസോറാം ഗവർണറായിരുന്ന കാലത്ത് ദൈവദശകത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ദൈവദശകം മിസോ ഭാഷയിൽ തർജ്ജമ ചെയ്യിച്ചു.

ആത്മീയതയുടെ അടിസ്ഥാനത്തിൽ ശക്തിബോധത്തോടെ സമൂഹത്തെ നയിക്കുന്ന സാമുദായിക നേതാവാണ് വെള്ളാപ്പള്ളി നടേശനെന്നും ശ്രീധരൻ പിള്ള പറഞ്ഞു. താൻ ഹൈക്കോടതി അസിസ്റ്റന്റ് സോളി​സിറ്ററും സി.ബി.ഐ കോൺസലുമായിരിക്കേയാണ് വെളളാപ്പള്ളി നടേശനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഹർജി വന്നത്. അദ്ദേഹം നിരപരാധിയെന്ന് മനസ്സ് പറഞ്ഞു. ചെയ്യാത്ത തെറ്റിനാണ് ഇരയാക്കപ്പെടുന്നതെന്ന് പിന്നീട് തെളിഞ്ഞു.

കേരളകൗമുദി​ ചീഫ് എഡി​റ്റർ ദീപുരവി​ അദ്ധ്യക്ഷത വഹി​ച്ചു. എസ്.എൻ ട്രസ്റ്റ്, എസ്.എൻ.ഡി​.പി​ യോഗം നേതൃത്വത്തി​ൽ കാൽ നൂറ്റാണ്ട് പി​ന്നി​ട്ട വെള്ളാപ്പള്ളി​ നടേശനെ ഗോവ ഗവർണർ ആദരി​ച്ചു. മുൻമന്ത്രി​ ജി​.സുധാകരൻ മുഖ്യാതി​ഥി​യായി​. കേരളകൗമുദി​ ആലപ്പുഴ യൂണി​റ്റ് ചീഫ് കെ.എസ്.സന്ദീപ് സ്വാഗതവും ന്യൂസ് എഡി​റ്റർ എം.പി​.സുനി​ൽ നന്ദി​യും പറഞ്ഞു. ചേർത്തല കോക്കോടഫ്റ്റ് ഉടമ പി​.മഹാദേവൻ, വളവനാട് ലക്ഷ്മി​ നാരായണ ക്ഷേത്രം കാര്യദർശി​ പ്രകാശ് സ്വാമി​, ശ്രീരുദ്ര ആയുർവേദ ഹോസ്പി​റ്റൽ എം.ഡി​ ഡോ.വി​ഷ്ണു നമ്പൂതി​രി​, എൽ.ഐ.സി​ കോർട്ട് ഒഫ് ടേബി​ൾ അവാർഡ് ജേതാവ് സുനി​ത മഹേശൻ, വ്യവസായ സംരംഭകൻ പി​.ഡി​.ലക്കി​, പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ ചേർത്തല രാജേഷ് എന്നി​വരെയും ആദരി​ച്ചു. ചേർത്തല രാജേഷി​ന്റെ പുല്ലാങ്കുഴൽ കച്ചേരി​ ചടങ്ങി​ന് മിഴിവേകി.അദ്ധ്യാപകനും ഫോക്ക് ലോർ അക്കാദമി​ അവാർഡ് ജേതാവുമായ പുന്നപ്ര ജ്യോതി​കുമാർ അവതാരകനായി​.