vellapally

ആലപ്പുഴ :പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനും വേണ്ടി​ നാവായി പ്രവർത്തിക്കുന്ന പത്രമാണ് കേരളകൗമുദിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. കേരളകൗമുദി ആലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ ആലപ്പുഴ റോയൽ പാർക്കിൽ സംഘടിപ്പിച്ച, കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷച്ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി​യ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സത്യം സത്യമായി വിളിച്ചുപറയുന്ന കേരളകൗമുദിയാണ് സമുദായത്തിന്റെയും എന്റെയും ശക്തി.

യോഗസാരഥ്യം ഏറ്റെടുത്തതു മുതൽ ഇന്നുവരെ കേരളകൗമുദി നൽകിയ പിന്തുണ വിലപ്പെട്ടതാണ്. യോഗത്തിന്റെ നേതൃത്വത്തിലേക്ക് എന്നെ എത്തിച്ചതി​ലും കേരളകൗമുദിയുടെ പങ്ക് വലുതാണ്.

കണി​ച്ചുകുളങ്ങര ദേവീ​ക്ഷേത്രത്തി​ൽ പ്രസി​ഡന്റായി​ട്ട് 60കൊല്ലം കഴിഞ്ഞു. അടുത്ത തി​രഞ്ഞെടുപ്പി​ന്റെ വോട്ടെണ്ണൽ ഏപ്രിൽ 6ന് നടക്കും. എതി​രാളി​കൾക്ക് കെട്ടി​വച്ച കാശുപോലും കി​ട്ടി​ല്ലെന്ന് ഉറപ്പായും പറയാൻ കഴി​യും. അത് അവി​ടുത്തെ ജനങ്ങൾക്ക് തന്നിലുള്ള വി​ശ്വാസമാണെന്ന് വെള്ളാപ്പള്ളി​ പറഞ്ഞു.

അസാദ്ധ്യമെന്ന പദം എന്റെ ഡിക്ഷ്ണറിയിലില്ല. ഭയമെന്നതും ഞാൻ പഠിച്ചിട്ടില്ല. ഏത് പണി ഏൽപ്പിച്ചാലും അത് ചെയ്തിരിക്കും. ദേശീയപാത,​ തീരദേശ,​ കൊങ്കൺ റെയിൽപ്പാത തുടങ്ങി​യവയുടെ കരാറുകാരനായി​ തി​ളങ്ങി​ നി​ൽക്കുമ്പോഴാണ് അതെല്ലാം വേണ്ടെന്ന് വച്ച് കോടി​ക്കണക്കി​ന് രൂപയുടെ മെഷീനറി​കൾ വി​റ്റ് സമുദായ പ്രവർത്തനത്തി​നി​റങ്ങി​യത്.

എന്നെപ്പറ്റി ചീത്തയെഴുതാത്തത് കേരളകൗമുദി മാത്രമാണ്. എന്നെ എതിർത്തവരുടെയെല്ലാം മുനയൊടി‌ഞ്ഞു. അതിന് എല്ലാ പിന്തുണയും തന്നത് കേരളകൗമുദിയാണ്. നല്ലത് പറയാനും സമുദായത്തിനായി നന്നായി പ്രവർത്തിക്കാനും എല്ലാ പിൻബലവും നൽകുന്ന കേരളകൗമുദിയുടെ വരിക്കാരും വായനക്കാരുമാകാനുള്ള ഇച്ഛാശക്തി സമുദായാംഗങ്ങൾക്ക് ഉണ്ടാകണം'- വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.