
ചാരുംമൂട് : കായംകുളത്തെ ഭർത്തൃവീട്ടിൽ നിന്ന് തുമ്പമണിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സ്വകാര്യ ബസ് ഡ്രൈവറായ ഹാഷിമിനെ അനുജ പരിചയപ്പെട്ടത്. ഈ അടുപ്പം വർഷങ്ങളായി തുടരുകയായിരുന്നു. ഹാഷിം ബോധപൂർവം വണ്ടി ഇടിച്ചുകയറ്റിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹാഷിമിന്റെയും അനുജയുടെയും മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിലാണ്. ഇതുകൂടാതെ ഒരെണ്ണം കാറിൽ നിന്നു ലഭിച്ചിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. സി.സി ടിവി ദശ്യങ്ങളും പരിശോധിക്കും.
അപകടം മനപ്പൂർവ്വം ഉണ്ടാക്കിതാണെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന സൂചനകൾ. അനുജ രവീന്ദ്രനും ഹാഷിമും സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വരികയായിരുന്ന കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചുകയറ്റുന്നതായാണ് പരിസരത്തുണ്ടായിരുന്നവർക്ക് അനുഭവപ്പെട്ടത്. സാധാരണ വേഗതയിൽ പോയിരുന്ന ഹാഷിമിന്റെ കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് അമിതവേഗത്തിൽ അപകടകരമായ രീതിയിൽ ഇടത്തേക്കും വലത്തേക്കും പോകുന്നത് കണ്ടതായി ഏനാദിമംഗലം പഞ്ചായത്ത് മെമ്പർ ശങ്കർ പൊലീസിൽ മൊഴിൽനൽകി. അതിനിടെ കാറിന്റെ മുൻവശത്തെ ഇടത് ഡോർ മൂന്നു പ്രാവശ്യം തുറന്ന് അടയുകയും അതിൽ നിന്ന് ഒരു സ്ത്രീയുടെ കാൽ പുറത്ത് വരികയും ചെയ്തത് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
കാറിൽ വച്ച് ഹാഷിമും അനുജയും തമ്മിൽ മൽപ്പിടിത്തം ഉണ്ടായതിനിടെ വാഹനം നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചതാകാം. അതല്ല, ഹാഷിം മനഃപൂർവം വാഹനം ലോറിയിലേക്ക് ഇടിച്ചുകയറ്റിയതുമാകാം. - എന്നാണ് പൊലീസ് സംശയിക്കുന്നത്. കാറിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
മകൻ ആത്മഹത്യ ചെയ്യില്ല
ഹാഷിം ആത്മഹത്യ ചെയ്യില്ലെന്നാണ് പിതാവ് ഹക്കീം പറയുന്നത്. രാത്രി 8 നു ശേഷം ഹാഷിമിന് ആരുടെയോ ഫോൺ കാൾ വന്നു. ഉടൻ തന്നെ തിരിച്ചെത്താമെന്ന് പറഞ്ഞിട്ടാണ് വീട്ടിൽനിന്നു പോയത്. പിന്നീട് കേൾക്കുന്നത് മരണവാർത്തയാണെന്നും ഹക്കീം പറഞ്ഞു.