ആലപ്പുഴ: ജില്ലയിൽ ലോക്സഭാതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷാ തീയതി ഇന്നലെ അവസാനിപ്പിച്ചത് പരാതിക്ക് ഇടയാക്കി. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി 25നായിരുന്നു. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. എന്നിട്ടും ധൃതി പിടിച്ച് അപേക്ഷാ തീയതി അവസാനിപ്പിച്ചതിന് പിന്നിൽ വോട്ട് അട്ടിമറി നീക്കമാണെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ സംശയിക്കുന്നു. ജില്ലയിൽ അഞ്ച് ശതമാനം ഉദ്യോഗസ്ഥർക്ക് പോലും അപേക്ഷ സമർപ്പിക്കാനായിട്ടില്ലെന്നും ഇവർ പറയുന്നു. 23നാണ് ഡി.എച്ച്.ക്യു ഡെപ്യൂട്ടി കമാണ്ടന്റ് പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിച്ച് പോസ്റ്റൽ ബാലറ്റ് വഴി അട്ടിമറി നടത്താൻ സാദ്ധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു.