ghh

ഹരിപ്പാട്: കുമാരപുരത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ച് കൈ തല്ലിയൊടിച്ചു. കുമാരപുരം വടക്ക് മണ്ഡലം പ്രസിഡന്റും കുമാരപുരം ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.സുധീറിനാണ് പരിക്കേറ്റത്. നാരകത്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വെള്ളിയാഴ്ച മൂന്നു മണിയോടെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീക്കുട്ടൻ, സഹോദരന്മാരും കോൺഗ്രസ് പ്രവർത്തകരുമായ കാട്ടിൽ മാർക്കറ്റ് കുറ്റിവേലിക്കാട്ടിൽ രഞ്ജിത്ത് (38),സന്ദിത്ത് ( കിട്ടു 36) എന്നിവരാണ് വീട് കയറി ആക്രമിച്ചതെന്ന് കെ.സുധീർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സുധീറിന്റെ പരാതിയിൽ മൂവർക്കുമെതിരെ ഹരിപ്പാട് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു.

സുധീർ പറയുന്നത് : ആദ്യം ശ്രീക്കുട്ടൻ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞു. ഫോൺ കട്ട് ചെയ്തതിനെത്തുടർന്ന് വീട്ടിലെത്തി കോളിംഗ് ബൽ അടിച്ചു. വാതിൽ തുറന്നു പുറത്തു വന്നപ്പോൾ ശ്രീക്കുട്ടനും സജിത്തും ചേർന്ന് സിറ്റൗട്ടിൽ കിടന്ന തടിക്കസേര എടുത്ത് അടിച്ചു. വീട്ടിൽ ബഹളം നടക്കുന്നത് കണ്ട് അയൽക്കാർ ഓടിയെത്തിയതോടെ രാത്രിയും ഞങ്ങൾ വരുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് അക്രമികൾ പോയത്. 20ാം നമ്പർ ബൂത്ത് പ്രസിഡന്റായിരുന്ന ശ്രീക്കുട്ടനെ കഴിഞ്ഞ ദിവസം ഒഴിവാക്കി അഖില എന്ന പ്രവർത്തകയ്ക്ക് ബൂത്ത് പ്രസിഡന്റിന്റെ ചുമതല നൽകിയതാണ് ആക്രമണത്തിന് കാരണം.