അമ്പലപ്പുഴ: പോസ്റ്ററിലെ തന്റെ തല വെട്ടിമാറ്റി പകരം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ തല ഒട്ടിച്ചത് സ്ഥാനാർത്ഥിയുടെ അറിവോടെയാണെന്ന ശോഭാസുരേന്ദ്രന്റെ ആരോപണം എ.എം. ആരിഫ് നിഷേധിച്ചു. പുന്നപ്ര ശാന്തി ഭവനിലെ ഈസ്റ്റർ ആഘോഷത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവർത്തികൾ ഒരു സ്ഥാനാർത്ഥിയും ചെയ്യില്ലെന്നും പത്ത് വോട്ട് കുറയ്ക്കാനേ ഇത്തരം പ്രവർത്തികൾ കൊണ്ട് സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. സാരിയുടുത്ത ശോഭാസുരേന്ദ്രന്റെ പോസ്റ്ററിലെ തല വെട്ടി,​ മുണ്ട് ഉടുത്ത തന്റെ തല എങ്ങനെ വെട്ടിക്കൊട്ടിക്കുമെന്നും അദ്ദേഹം ചോദിച്ചു. സി.പി.എം-ബി.ജെ.പി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന ആരെങ്കിലുമാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇക്കാലത്ത് മിക്ക പ്രദേശത്തും സി.സി ടി.വികൾ ഉണ്ട്. പൊലീസിൽ പരാതി നൽകിയാൽ എളുപ്പത്തിൽ കണ്ടു പിടിക്കാമെന്നും അദ്ദേഹം പറഞ്ഞു.