പിടിയിലായത് ആദ്യപേരുകാരനിൽ നിന്ന് പണം വാങ്ങുമ്പോൾ

ആലപ്പുഴ: കൈക്കൂലിക്കേസിൽ കഴിഞ്ഞ ദിവസം വിജിലൻസിന്റെ പിടിയിലായ അമ്പലപ്പുഴ താലൂക്ക് സപ്ളൈ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടർ പീറ്റർ ചാൾസിന്റെ പക്കൽ നിന്ന് മാസപ്പടി ലിസ്റ്റ് വിജിലൻസ് സംഘം കണ്ടെത്തി. പീറ്റർ ചാൾസിന്റെ ചുമതലയിലുള്ള കടകളുടെ എ.ആർ.ഡി നമ്പർ, കടയുടമയുടെ ഫോൺ നമ്പർ, മാസപ്പടി എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റാണ് വിജിലൻസിന് ലഭിച്ചത്. മാസപ്പടി കൈപ്പറ്റിയ കടകളുടെ എ.ആർ.ഡി നമ്പരിന് നേരെ ടിക്ക്ചെയ്യും. കടയൊന്നിന് 1500 ആണ് കണക്ക്. ലിസ്റ്റിലെ ആദ്യപേരുകാരനായ കടയുടമയിൽ നിന്ന് പണം കൈപ്പറ്റുന്നതിനിടയിലാണ് കഴിഞ്ഞദിവസം പീറ്റർ വിജിലൻസിന്റെ പിടിയിലായത്. റേഷൻ കടയിലെ അപാകതകൾ റിപ്പോർട്ട് ചെയ്യാതിരിക്കാനാണ് കടയുടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയിരുന്നത്. ഈ പോസ് നിലവിൽ വന്നശേഷം റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ മറിച്ചുവിൽക്കുന്നത് കുറഞ്ഞിരുന്നു. ഇത് കാരണം ഉദ്യോഗസ്ഥർക്ക് കൈമടക്ക് നൽകാൻ പലരും തയ്യാറല്ല. കടയിലെ സ്റ്റോക്കിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങളുടെ പേരിൽ കടയുടമകളെ വിരട്ടിയാണ് പീറ്റർ പണം വാങ്ങിയിരുന്നത്. ഇത്തരത്തിൽ റേഷൻ കടയുടമയുമായി കൈക്കൂലിക്കായി നടത്തിയ വിലപേശലാണ് കാര്യങ്ങൾ വിജിലൻസിന് മുന്നിലെത്തിച്ചത്.

ആലപ്പുഴയിലെ ഏഴാമൻ

കൈക്കൂലിക്കേസിൽ ആലപ്പുഴയിൽ നിന്ന് അടുത്തിടെ വിജിലൻസ് പിടിയിലാകുന്ന ആറാമനാണ് പീറ്റർചാൾസ്. പ്രസവ ശസ്ത്രക്രിയക്കെത്തിയ യുവതിയിൽ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങിയ ചേർത്തലയിലെ ഡോക്ടർ രാജൻ, അമ്പലപ്പുഴയിൽ ടോറസ് ലോറിക്കാരിൽ നിന്ന് പണം വാങ്ങിയ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സതീഷ്, ഏജന്റ് സജി, ഹോം സ്റ്റേ ലൈസൻസിന് 2000 രൂപ കൈക്കൂലി വാങ്ങിയ ടൂറിസംഇൻഫർമേഷൻ ഓഫീസർ ഹാരിസ്, ഭൂമി തരം മാറ്റലിന് പുന്നപ്രയിൽ 5000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസി. വിനോദ്, ഫീൽഡ് അസി. അശോകൻ എന്നിവരാണ് ഇതിന് മുമ്പ് ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.