ambala
ജോജി അലക്സ്

അമ്പലപ്പുഴ: ഈസ്റ്റർ ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയ യുവാവ് ആറ്റിൽ മുങ്ങി മരിച്ചു. കരുമാടി എസ്.ജെ ഹൗസിൽ (ഇരുപതിൽ ചിറ) അലക്‌സ് - മറിയാമ്മ (ലൈസമ്മ) ദമ്പതികളുടെ മകൻ ജോജിഅലക്സ് (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കഞ്ഞിപ്പാടം വട്ടപ്പായിത്ര തുരുത്തിച്ചിറ പൂക്കൈത ആറ്റിലായിരുന്നു അപകടം. ആറ്റിൽ കുളിക്കാനിറങ്ങിയ ജോജി കുറച്ചു നേരം നീന്തുകയും പെട്ടെന്ന് മുങ്ങിത്താഴുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഉടൻ തന്നെ നാട്ടുകാരും അമ്പലപ്പുഴ പൊലീസും തകഴിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും ആലപ്പുഴ യൂണിറ്റിൽ നിന്നെത്തിയ സ്കൂബാ ടീമും തിരച്ചിൽനടത്തിയെങ്കിലും

വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ജോജി അവിവാഹിതനാണ്.

റഷ്യയിൽ വെൽഡറായി ജോലിചെയ്യുന്ന ജോജി രണ്ടാഴ്ചക്കു മുമ്പാണ് നാട്ടിലെത്തിയത്. ഈസ്റ്റർ ദിവസം അമ്മയുടെ അനുജത്തി ത്രേസ്യാമ്മയുടെ കഞ്ഞിപ്പാടത്തെ മുട്ടുങ്കൽ വീട്ടിൽ എത്തിയതായിരുന്നു. അപസ്മാര ബാധ ഉണ്ടായിരുന്നതായും നീന്തുന്നതിനിടെ അത് വീണ്ടും വന്നതാകാം ജോജി മുങ്ങിത്താഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സഹോദരി: സ്റ്റെല്ല. സഹോദരീ ഭർത്താവ്: വിനു.