photo

ചേർത്തല: കേരളകൗമുദി വാർത്ത തുണയായി, രമ്യക്കും സൗമ്യക്കും ചോർന്നൊലിക്കാത്ത വീട് അഖിലാഞ്ജലി ഗ്രൂപ്പ് ഒഫ് കമ്പനീസ് നിർമ്മിച്ച് നൽകും. ജന്മനാ ശാരീരിക വെല്ലുവിളി നേരിടുന്ന സഹോദരിമാരായ തണ്ണീർമുക്കം പഞ്ചായത്ത്14ാം വാർഡ് കണ്ടകശേരിൽ വിജയന്റെയും രത്നമ്മയുടേയും മക്കളായ രമ്യ (37),സൗമ്യ (33) എന്നിവർക്കാണ് അഖിലാഞ്ജലി ഗ്രൂപ്പ് ഒഫ് കമ്പനീസ് വീട് നിർമ്മിച്ച് നൽകാൻ തയ്യാറായി മുന്നോട്ട് വന്നത്. കഴിഞ്ഞ നവംബർ 17നാണ് രമ്യക്കും സൗമ്യക്കും വേണം ചോരാത്തൊരു വീട് എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചത്. സ്പാറ്റിക് സെറിബ്രൽ പാൾസി എന്ന തളർവാതം ബാധിച്ച ഇരുവരും ജന്മാ ശാരീരിക വെല്ലുവിളി നേരിടുന്നവരാണ്. പണി പൂർത്തിയാകാത്ത മഴപെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്ന ഇരുവരും കിടക്കുന്ന തറയിൽ ഉൾപ്പെടെ വെള്ളക്കെട്ട് രൂപപ്പെടും. മഴക്കാലം ഇവർക്ക് ദുരിതകാലമാണ്. വാർത്ത ശ്രദ്ധയിൽപ്പെട്ട അഖിലാഞ്ജലി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ പി.ഡി.ലക്കി ഇവർക്ക് വീട് നിർമ്മിച്ചു നൽകാൻ തയ്യാറാകുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന വിജയൻ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഇപ്പോൾ സെക്യൂരിറ്റി ജോലിക്ക് പോകുകയാണ്. ഇരുവരേയും പരിചരിക്കാൻ ഒരാളിന്റെ സാന്നിദ്ധ്യം എപ്പോഴും വേണം. അതിൽനാൽ അമ്മ രത്നമ്മയ്ക്ക് മറ്റു ജോലിളൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. 1996 ൽ മരുന്ന് നിർത്തിയ ഇരുവരും അരയ്ക്ക് താഴെ പൂർണമായി തളർന്ന അവസ്ഥയിലാണ്. കൈപ്പത്തിയും വളഞ്ഞതോടെ സ്വന്തം കാര്യങ്ങൾ പോലും നോക്കാൻ കഴിയുന്നില്ല. ഏപ്രിൽ പുകുതിയോടെ തന്നെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പി.ഡി.ലക്കി പറഞ്ഞു. അഖിലാഞ്ജലി സ്റ്റുഡിയോ പാർക്കിന് സമീപം ആരംഭിച്ച ഫൺ സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിൽ ഇവർക്ക് സാമ്പത്തീക സഹായവും കൈമാറി.