
ആലപ്പുഴ: സംസ്ഥാനത്ത് കൂടുതൽ ഗ്രൗണ്ടുകളും മികച്ച സൗകര്യങ്ങളുമുണ്ടെങ്കിലേ കൂടുതൽ മത്സരങ്ങൾ നടത്താനും പുതിയ താരങ്ങളെ കണ്ടെത്താനും സാധിക്കുകയുള്ളുവെന്ന് ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു. ആലപ്പുഴയിൽ അവധി ആഘോഷിക്കാനെത്തിയ റോജർ ബിന്നി കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്ഷണം സ്വീകരിച്ച് കെ.സി.എ, എസ്.ഡി കോളേജിലെ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ദേശീയതലത്തിൽ കേരളത്തിൽ നിന്നു മികച്ച കളിക്കാരുണ്ടെങ്കിലും സ്ഥിരതയുള്ള പ്രകടനങ്ങളുണ്ടാകുന്നില്ല. ഗ്രൗണ്ടുകളിൽ ഫ്ളഡ്‌ലിറ്റ് സംവിധാനം ഉൾപ്പെടെ ഒരുക്കണം. അത്തരം പരിശീലനത്തിലൂടെ മാത്രമേ താരങ്ങൾക്ക് ഐ.പി.എൽ ഉൾപ്പെടെയുള്ള മത്സരങ്ങൾക്കു വേണ്ട പരിചയം ലഭിക്കുവെന്നും അദ്ദേഹം പറഞ്ഞു. കെ.സി.എയുടെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ചാമ്പ്യൻഷിലെ ജേതാക്കളായ ആലപ്പുഴ ടീമുമായും റോജർ ബിന്നി സംസാരിച്ചു. കെ.സി.എ ആലപ്പുഴ ജില്ലാ പ്രസിഡന്റ് യു.മനോജ്, സെക്രട്ടറി പി.ജെ.നവാസ്, മുൻ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി.നായർ, എസ്.ഡി.വി. മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ആർ.കൃഷ്ണൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.