
ന്യൂഡൽഹി : ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് നയിച്ച ജൻ വിശ്വാസ് യാത്രയുടെ പാട്നയിലെ സമാപനചടങ്ങ് 'ഇന്ത്യ' പ്രതിപക്ഷ മുന്നണിയുടെ തിരഞ്ഞെടുപ്പു കാഹളമായി. ഇന്നലത്തെ മഹാറാലിയിൽ പതിനായിരങ്ങളാണ് ഗാന്ധി മൈതാനത്ത് തടിച്ചുകൂടിയത്.
മദ്ധ്യപ്രദേശിലൂടെ പോകുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഒരു ദിവസം നിർത്തിവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്, സമാജ് വാദി നേതാവ് അഖിലേഷ് യാദവ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.ഐ (എം.എൽ) അദ്ധ്യക്ഷൻ ദീപാങ്കർ ഭട്ടാചാര്യ, കേരളത്തിൽ നിന്ന് ആർ.ജെ.ഡിയെ പ്രതിനിധീകരിച്ച് എം.വി. ശ്രേയാംസ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 20ന് ആരംഭിച്ച ജൻ വിശ്വാസ് യാത്രയിൽ 'തേജസ്വിയെന്നാൽ ജോലി' എന്ന മുദ്രാവാക്യം മുഴങ്ങിയിരുന്നു.
 മോദി സർക്കാരിന് വിമർശനം
മൂന്നു അതീവ സമ്പന്നർക്ക് വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും, ജനസംഖ്യയുടെ 73 ശതമാനം വരുന്ന പിന്നാക്ക വിഭാഗത്തെ അവഗണിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒരു പാർട്ടി ജനങ്ങളിൽ വിദ്വേഷം പ്രചരിപ്പിക്കുന്നു. ബീഹാറിൽ ഉൾപ്പെടെ വൻ പ്രതിഷേധം ഉയർന്ന അഗ്നിവീർ പദ്ധതിയെയും തള്ളി. ബംഗ്ലാദേശ്, പാകിസ്ഥാൻ, ഭൂട്ടാൻ രാജ്യങ്ങളേക്കാൾ കൂടുതൽ തൊഴിലില്ലായ്മ ഇന്ത്യയിലാണെന്ന് മദ്ധ്യപ്രദേശിലെ റാലിയിൽ രാഹുൽ ആരോപിച്ചിരുന്നു.
'ഇന്ത്യ' മുന്നണിയിൽ നിന്ന് ബി.ജെ.പി പാളയത്തിലേക്ക് ചാടിയ ജെ.ഡി.യു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ മല്ലികാർജ്ജുൻ ഖാർഗെ വിമർശിച്ചു. നിതീഷ് ഇനിയും ചാടുമെന്നും, സ്വീകരിക്കരുതെന്നും ആർ.ജെ.ഡിയോട് അഭ്യർത്ഥിച്ചു
ലാലു പ്രസാദ് യാദവ് മോദിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തി. മോദി ഹിന്ദുവല്ലെന്നും, അമ്മ മരിച്ചപ്പോൾ തല മുണ്ഡനം ചെയ്തില്ലെന്നും കുറ്റപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പോടെ ജെ.ഡി.യുവിന്റെ കഥ കഴിയുമെന്ന് തേജസ്വി യാദവ് പറഞ്ഞു.