supreme-court

 അഴിമതി നിരോധന നിയമം ബാധകം

ന്യൂഡൽഹി : പാർലമെന്റിലും നിയമസഭകളിലും കോഴ വാങ്ങി വോട്ടു ചെയ്യുന്ന അംഗങ്ങൾക്കുള്ള നിയമ പരിരക്ഷ എടുത്തുകളഞ്ഞ് സുപ്രീംകോടതി. കോഴ വാങ്ങിയാൽ അഴിമതി നിരോധന നിയമപ്രകാരം വിചാരണ. ശിക്ഷിച്ചാൽ അയോഗ്യരുമാകും.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഏഴംഗ വിശാല ബെഞ്ചിന്റേതാണ് സുപ്രധാന വിധി. കോഴ വാങ്ങി സഭയിൽ വോട്ടുചെയ്താലും വിചാരണ നേരിടേണ്ടെന്ന 1998ലെ പി.വി. നരസിംഹ റാവു കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് തിരുത്തിയത്. ഇതോടെ,​ നിയമനിർമ്മാണസഭകളിൽ വോട്ടിനും പ്രസംഗത്തിനും കോഴ വാങ്ങിയെന്ന് തെളിഞ്ഞാൽ പ്രോസിക്യൂഷൻ നടപടി ഉറപ്പായി. കോഴ ഭരണഘടനാ വ്യവസ്ഥയെ തകർക്കുകയാണെന്ന് വിശാല ബെഞ്ച് നിരീക്ഷിച്ചു. രാഷ്ട്രപതി,​ രാജ്യസഭാ തിരഞ്ഞെടുപ്പിലും വിധി ബാധകാണ്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് പുറമെ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ്, പി.എസ്. നരസിംഹ, ജെ.ബി. പർദിവാല, സഞ്ജയ് കുമാർ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്.

2012ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് സീത സോറൻ കോഴ വാങ്ങി വോട്ടുചെയ്ത സംഭവമാണ് വിധിയിലേക്ക് നയിച്ചത്. നരസിംഹറാവു കേസ് ചൂണ്ടിക്കാട്ടി നിയമ പരിരക്ഷയുണ്ടെന്ന സീതയുടെ വാദം തള്ളുകയായിരുന്നു. ഇതോടെ, സീത പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരും. ഷിബു സോറന്റെ മരുമകളാണ് സീത.

അന്ന് റാവുവിനെ

രക്ഷിച്ച വിധി

1993ൽ അവിശ്വാസ നീക്കം മറികടക്കാൻ പി.വി. നരസിംഹറാവു സർക്കാർ ജാർഖണ്ഡ് മുക്തി മോർച്ച അംഗങ്ങൾക്ക് കോഴ നൽകി വോട്ട് നേടിയെന്ന് ആരോപണമുയർന്നു. സി.ബി.ഐ അന്വേഷണമുണ്ടായി. എന്നാൽ,​ പാർലമെന്റിലെ വോട്ടിന് നിയമപരിരക്ഷയുണ്ടെന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ 1998ൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

തിരുത്തിയത് രണ്ട്

വ്യാഖ്യനങ്ങൾ

1. അനുച്ഛേദം 105: പാർലമെന്റ് അംഗങ്ങൾക്ക് നിർഭയമായി സംസാരിക്കാൻ അവസരമൊരുക്കുന്ന വ്യവസ്ഥ. സഭയിൽ സംസാരിക്കുന്ന ഏത് കാര്യത്തിനും, വോട്ടിനും നിയമപരിരക്ഷ ഉറപ്പാക്കുന്നത്. ക്രിമിനൽ കേസുണ്ടാവില്ല

2. അനുച്ഛേദം 194: നിയമസഭയിൽ അംഗങ്ങൾ സംസാരിക്കുന്ന ഏത് കാര്യത്തിനും, വോട്ടിനും

ക്രിമിനൽ കേസ് അടക്കം നടപടികളിൽ നിന്നും നിയമപരിരക്ഷ

തെറ്റ് തുടരുന്നത്

വൻ അപകടം

 വിധി പുനഃപരിശോധിക്കുന്നത് 1998ലെ തെറ്റ് തിരുത്താനെന്ന് കോടതി

 നിയമപരിരക്ഷയുണ്ടെന്ന തെറ്റ് തുടരുന്നത് അതിഗുരുതര അപകടം

 1998ലെ വിധി പൊതുതാത്പര്യത്തിനും, ജനാധിപത്യത്തിനും എതിര്

 കൊളൊണിയൽ,​ ഭരണഘടന വന്ന ശേഷമുള്ള നിയമപരിരക്ഷകൾ തമ്മിൽ ബന്ധമില്ല

 ഓരോ കേസിലും നിയമപരിരക്ഷയുണ്ടോയെന്നത് ജുഡിഷ്യൽ പരിശോധനയ്ക്ക് വിധേയം

 ജനപ്രതിനിധികളുടെ അഴിമതിയും കൈക്കൂലിയും ധാർമ്മികത ഇല്ലാതാക്കും

 കേസ് അംഗങ്ങൾക്കെതിരെ ദുരുപയോഗപ്പെടുത്തിയേക്കുമെന്ന ആശങ്ക തള്ളി

രാഷ്ട്രീയത്തെ സംശുദ്ധമാക്കാനുള്ള മഹത്തായ വിധി. ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടും

- പ്രധാനമന്ത്രി നരേന്ദ്രമോദി