
ന്യൂഡൽഹി : പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് ഒഴിവാക്കാൻ പ്രവർത്തിച്ചെന്ന പി.സി.ജോർജിന്റെ ആരോപണം സംബന്ധിച്ച് ബി.ജെ.പി ദേശീയ നേതൃത്വത്തിന് പരാതി നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പളളി. ജോർജിനെതിരെ നടപടി വേണമെന്ന് ബി.ഡി.ജെ.എസിന് ആവശ്യമില്ല. സ്വന്തം നാവ് കാരണം പി.സി തന്നെ നടപടി വാങ്ങിക്കോളും. ജോർജിന്റെ സ്വഭാവത്തിനനുസരിച്ച് പ്രതികരിക്കാൻ തയ്യാറല്ല. സീറ്റ് കിട്ടിയിരുന്നെങ്കിൽ ബോധം കെടുമെന്ന് പറഞ്ഞയാൾ സീറ്റ് കിട്ടാതിരിക്കുമ്പോൾ ഇത്രയധികം പ്രശ്നമുണ്ടാക്കേണ്ട ആവശ്യമെന്തെന്നും തുഷാർ വെള്ളാപ്പള്ളി ചോദിച്ചു.
ജോർജിന് സീറ്റ് ലഭിക്കാത്ത വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും തന്നെയും വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ല. ഏത് മുന്നണിയിൽ നിന്നാലും അനാവശ്യമായ പ്രസ്താവനകൾ നടത്തുന്നയാളാണ് പി.സി. ഇത്തരം പ്രസ്താവനകൾ അനിൽ ആന്റണിയുടെ വോട്ട് കൂട്ടും.ജോർജിന് സീറ്റ് കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ഏതെങ്കിലും സഭയോ സമുദായ സംഘടനകളോ പ്രതികരിച്ചിട്ടുണ്ടോ?. നോട്ടയ്ക്ക് കിട്ടിയ വോട്ട് പോലും കിട്ടാത്ത ആളാണ്. ബി.ജെ.പിയിലേക്കാണ് ജോർജിനെ എടുത്തത്. ബി.ഡി.ജെ.എസാണെങ്കിൽ സ്വീകരിക്കില്ല. പരാമർശങ്ങൾ എൻ.ഡി.എയെ ബാധിക്കില്ല. ഈഴവ സമുദായത്തെ മാത്രമല്ല എല്ലാ മത സമുദായങ്ങളെയും ജോർജ് ആക്ഷേപിച്ചിട്ടുണ്ടെന്നും തുഷാർ പ്രതികരിച്ചു.
കേരളത്തിൽ ഇനി എട്ടു സീറ്റുകളിലേക്കാണ് എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. മണ്ഡലങ്ങളുടെ കാര്യത്തിൽ അന്തിമരൂപമാക്കാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ അടക്കമുള്ളവരുമായി ചർച്ചയ്ക്കായാണ് തുഷാർ ഡൽഹിയിലെത്തിയത്. നാല് സീറ്റുകളിൽ ബി.ഡി.ജെ.എസ് മത്സരിക്കും. കോട്ടയത്തും ഇടുക്കിയിലും മാവേലിക്കരയിലും ധാരണയായി. തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കുമെന്നാണ് സൂചന. നാലാം സീറ്റ് ചാലക്കുടിയോ എറണാകുളമോ ആകുമെന്നാണ് അറിയുന്നത്.