aravind-kejriwal

ന്യൂഡൽഹി: ലോക്‌‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഡൽഹിയിൽ സർക്കാർ 18 വയസിന് മുകളിലുള്ള നിർദ്ധന സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ഏതെങ്കിലും പെൻഷൻ പദ്ധതിയിൽ അംഗമായവർക്ക് ധനസഹായം കിട്ടില്ല.

രാമരാജ്യമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ആംആദ്‌മി സർക്കാർ ശ്രമിക്കുന്നതെന്ന് ധനമന്ത്രി അതിഷി ബഡ്‌ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. രാമരാജ്യത്തിൽ ദാരിദ്ര്യം ഇല്ലായിരുന്നു. ഡൽഹിയിലും ദാരിദ്ര്യം തുടച്ചുനീക്കും. 14 വർഷത്തെ വനവാസത്തിൽ ശ്രീരാമൻ നേരിട്ടതിന് സമാനമായ ബുദ്ധിമുട്ടുകളാണ് 9 വർഷമായി കേജ്‌രിവാളും നേരിടുന്നത്.

മനീഷ് സിസോദിയ മദ്യനയക്കേസിൽ അറസ്റ്റിലായി രാജിവച്ചതിനെ തുടർന്ന് സ്ഥാനമേറ്റ അതിഷിയുടെ കന്നി ബഡ്‌ജറ്റാണിത്. ബഡ്‌ജറ്റ് അവതരണത്തിന് മുന്നോടിയായി അവർ സിസോദിയയുടെ അമ്മയിൽ നിന്ന് അനുഗ്രഹം വാങ്ങി.

വിദ്യാഭ്യാസത്തിന് 16,396 കോടി

 കൂടുതൽ തുക വിദ്യാഭ്യാസ മേഖലയ്‌ക്ക്,​ 16,396 കോടി

 ക്യാമ്പസുകളിൽ വ്യാവസായ പരിശീലനത്തിന് 15 കോടി

 വിവിധ ക്ഷേമ പദ്ധതികൾക്കായി 6,216 കോടി

 പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താൻ 5,702 കോടി
 ഡൽഹി മെട്രോ വ്യാപനം,​ ആധുനികവത്കരണം 500 കോടി

 സ്‌ത്രീകളുടെ നിലവിലെ സൗജന്യ യാത്രാ പദ്ധതിക്ക് 340 കോടി

1500 നൽകാൻ ഹിമാചൽ

ഹിമാചൽ പ്രദേശിൽ വിമത ഭീഷണി നേരിടുന്ന മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവും വനിതാ ധനസഹായ പദ്ധതിക്ക് തുടക്കമിട്ടു. 'ഇന്ദിരാഗാന്ധി പ്യാരി ബെഹ്‌നാ സുഖ് സമ്മാൻ നിധിക്ക്' കീഴിൽ വനി​തകൾക്ക് 1500 രൂപയാണ് പ്രതി​മാസ സഹായം ലഭിക്കുക. ഫെബ്രുവരി 25ന് പ്രഖ്യാപിച്ച പദ്ധതിയാണ് മുഖ്യമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്‌തത്. 18-60 വയസുള്ള അഞ്ചു ലക്ഷത്തിൽപരം നിർദ്ധന സ്‌‌ത്രീൾക്കാണ് സഹായം ലഭിക്കുക . നാലു മാസം കൂടുമ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്യും. സർക്കാരിന് പ്രതിവർഷം 800 കോടി രൂപ ചെലവ് വരും.