
ന്യൂഡൽഹി: കഴിഞ്ഞ ദിവസം ബി.ജെ.പി 195 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടപ്പോൾ മഹാരാഷ്‌ട്രയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. എൻ.ഡി.എയിലെ തർക്കം കാരണം സീറ്റ് വിഭജനം കീറാമുട്ടിയായതാണ് പ്രശ്‌നമെന്ന വിവരം പിന്നാലെ വന്നു. ഏതായാലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ തർക്കം പരിഹരിക്കാൻ നേരിട്ട് ഇടപെടുന്നു.
ഇന്ന് സംസ്ഥാനത്തെത്തുന്ന ഷാ വിദർഭ, മറാത്ത്‌വാഡ, വടക്കൻ മഹാരാഷ്‌ട്ര മേഖലകളിലെ സീറ്റ് വിഭജനപ്രശ്‌നങ്ങൾ ചർച്ച ചെയ്യും. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് ഷാ വരുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. അകോലയിൽ (വിദർഭ) തിരഞ്ഞെടുപ്പ് യോഗങ്ങളിലും ജൽഗാവിൽ (വടക്കൻ മഹാരാഷ്ട്ര) യുവജന സമ്മേളനത്തിലും സംഭാജിനഗറിൽ (മറാത്ത്‌വാഡ) പൊതു റാലിയിലും അമിത് ഷാ പങ്കെടുക്കുന്നുണ്ട്.
അമരാവതിയിൽ സ്വതന്ത്ര സിറ്റിംഗ് എംപി നവനീത് റാണ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ തയ്യാറാണ്. പക്ഷേ സുപ്രീം കോടതിയിൽ അവർക്കെതിരെ വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റ് നേടിയെന്ന കേസുള്ളതിനാൽ ബി.ജെ.പിക്ക് താത്‌പര്യക്കുറവുണ്ട്. സഖ്യകകഷിയായ ശിവസേനയ്‌ക്കും(ഷിൻഡെ വിഭാഗം) ഇവിടെ നോട്ടമുണ്ട്.
ചന്ദ്രാപൂരിൽ കൊംതി (ഒ.ബി.സി) സമുദായത്തിൽപ്പെട്ട മന്ത്രി സുധീർ മുൻഗന്തിവാറിനെ മത്സരിപ്പിക്കാൻ പദ്ധതിയിട്ടെങ്കിലും പ്രബലമായ കുമ്പി സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയാണ് നല്ലതെന്ന വാദം ശക്തമാണ്.
ലക്ഷ്യം 45 സീറ്റ്
സംസ്ഥാനത്ത് 48 സീറ്റിൽ 45ലും വിജയം പ്രതീക്ഷിക്കുന്ന എൻ.ഡി.എയ്‌ക്ക് വിദർഭ മേഖലയിലെ നാഗ്പൂർ, ഭണ്ഡാര-ഗോണ്ടിയ, ഗഡ്ചിരോളി, ചന്ദ്രപൂർ, വാർധ, രാംടെക്, ബുൽധാന, യവത്മാൽ-വാഷിം, വാർധ, അകോല മണ്ഡലങ്ങൾ നിർണായകമാണ്. ജൽഗാവ്, റാവർ, ദിൻഡോരി, നാസിക്, ധൂലെ, നന്ദുർബാർ, ഷിർദി, അഹമ്മദ്‌നഗർ എന്നീ ലോക്‌സഭാ സീറ്റുകൾ ഉൾപ്പെടുന്ന വടക്കൻ മഹാരാഷ്ട്രയിലും ബി.ജെ.പി വൻ ജയം ലക്ഷ്യമിടുന്നു.
സംവരണ വിഷയം കത്തുന്നതിനാൽ മറാത്ത്‌വാഡയിൽ ജാഗ്രതയിലാണ് ബി.ജെ.പി. ഷിൻഡെ വിഭാഗത്തിന് താത്‌പര്യമുള്ള സാംഭാജിനഗർ സീറ്റ് ബി.ജെ.പി കണ്ണുവയ്‌ക്കുന്നു. കൊങ്കൺ മേഖലയിൽ സിന്ധുദുർഗ്-രത്‌നഗിരി സീറ്റിനെ ചൊല്ലിയും ബി.ജെ.പി-സേനാ തർക്കമുണ്ട്. ഇവിടെ ബി.ജെ.പി മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി നാരായൺ റാണെ പറഞ്ഞിരുന്നു. പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ എൻ.സി.പി(അജിത് പവാർ) വിഭാഗവുമായാണ് തർക്കം.