court

ന്യൂഡൽഹി: രാജിവച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാദ്ധ്യായ നാളെ ബി.ജെ.പിയിൽ ചേർന്നേക്കും. ഏഴിന് പാർട്ടിയിൽ ചേർന്നേക്കുമെന്ന് അഭിജിത്ത് പ്രതികരിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം എന്നിവർക്ക് രാജിക്കത്ത് അയച്ചതിന് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള നീക്കങ്ങൾ സജീവമാക്കിയിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ അഴിമതിക്കെതിരെ പോരാടുന്ന ഏക ദേശീയ പാർട്ടിയാണ് ബി.ജെ.പിയെന്നും അതിനാൽ പാർട്ടിയിൽ ചേരുമെന്നും അഭിജിത് ഇന്നലെ പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്നാണ് അഭിജിത് ആദ്യം പ്രതികരിച്ചത്. എന്നാൽ,​തൃണമൂലിന്റെ ശക്തികേന്ദ്രമായ ബംഗാളിലെ തംലുക് മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

ബി.ജെ.പി വാഗ്ദാനം ചെയ്യുന്നത് ഏത് സീറ്രാണെങ്കിലും അവിടെ നിന്ന് മത്സരിക്കുമെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയത്. മനഃസാക്ഷിയുടെ വിളിയാണ് രാജി തീരുമാനത്തിന് പിന്നിൽ. ഭരണകക്ഷി പല തവണ അപമാനിച്ചെന്നും വ്യക്തമാക്കി. മമത സർക്കാരിനെതിരെയുള്ള ഒട്ടേറെ ഹർജികളിൽ അഭിജിത് ഗംഗോപാദ്ധ്യായ സ്വീകരിച്ച നിലപാടുകൾ വലിയ രാഷ്ട്രീയ വിവാദങ്ങളായിരുന്നു. തൃണമൂൽ നേതാവ് അഭിഷേക് ബാനർജിക്കെതിരെ അദ്ധ്യാപക നിയമന അഴിമതി ആരോപിച്ച ഹർജിയിൽ കൽക്കട്ട ഹൈക്കോടതി ജഡ്ജി സൗമെൻ സെൻ, സഹജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളും അഭിജിത് ഉന്നയിച്ചിരുന്നു. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടേണ്ട സാഹചര്യവുമുണ്ടായി.

ഉത്തരവുകൾ റദ്ദാക്കണമെന്ന് തൃണമൂൽ

അഭിജിത് ഗംഗോപാദ്ധ്യായ പുറപ്പെടുവിച്ച 'രാഷ്ട്രീയ വിധികൾ" റദ്ദാക്കണമെന്ന് തൃണമൂൽ നേതാവ് കല്യാൺ ബാനർജി ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അഭിജിത് വിധികൾ പുറപ്പെടുവിച്ചതെന്നും ആരോപിച്ചു. ആവശ്യമുന്നയിച്ച് കൽക്കട്ട ഹൈക്കോടതിക്ക് അപേക്ഷയും സമർപ്പിച്ചു.