modi

ന്യൂഡൽഹി: തെലങ്കാനയിൽ ബി.ആർ.എസിന് പകരം കോൺഗ്രസ് വന്നിട്ടും വലിയ മാറ്റമുണ്ടാകില്ലെന്നും ഇരുപാർട്ടികളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവർക്കുമിടയിൽ അന്തർധാര സജീവമാണെന്നും തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ പട്ടൻചെരുവിൽ നടന്ന പൊതുയോഗത്തിൽ പറഞ്ഞു. ബി.ആർ.എസിന് പകരം വന്ന കോൺഗ്രസ് നയങ്ങളിൽ മാറ്റം വരുത്തിയില്ല. ഔദ്യോഗികമായി സഖ്യമില്ലെങ്കിലും അഴിമതിയുടെ കാര്യത്തിൽ ഒരേ നയമാണ്. പൊതു സ്വത്ത് കൊള്ളയടിക്കൽ ആണ് പാർട്ടികളുടെ പൊതുലക്ഷ്യം. ബി.ആർ.എസിന്റെ അഴിമതി മടുത്താണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിന് അവസരം നൽകിയത്. പക്ഷേ അഴിമതിയുടെ കാര്യത്തിൽ അവർ സമാനമനസ്‌കരാണ്. ബി.ആർ.എസിന്റെ ഭരണകാലത്തെ അഴിമതിയെക്കുറിച്ച് കോൺഗ്രസ് സർക്കാർ അന്വേഷിക്കാത്തത് അതുകൊണ്ടാണ്.

കോൺഗ്രസും സഖ്യകക്ഷികളും കള്ളപ്പണം നിക്ഷേപിക്കുന്നതിന് വിദേശ ബാങ്കുകളിൽ അക്കൗണ്ടുകൾ തുറന്നു. എന്നാൽ തന്റെ സർക്കാർ ദശലക്ഷക്കണക്കിന് പാവപ്പെട്ടവർക്ക് ജൻധൻ അക്കൗണ്ടുകൾ തുറന്നു. അവർ സ്വന്തം കുടുംബങ്ങൾക്കായി മാളികകൾ നിർമ്മിച്ചപ്പോൾ താൻ ഒരു വീടുപോലും ഉണ്ടാക്കിയില്ല. പകരം പാവപ്പെട്ട പൗരന്മാർക്ക് സുരക്ഷിതമായ വീടുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധിച്ചു.

തെലങ്കാനയെ അധികകാലം അഴിമതിയുടെ കേന്ദ്രമാക്കാനാകില്ലെന്നും അവർക്കെതിരെ മോദി സർക്കാർ 'സർജിക്കൽ ആക്രമണങ്ങൾ' നടത്തുമെന്നും മോദി പറഞ്ഞു. അതിനായി തെലങ്കാന ജനതയുടെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. 'ഇത്തവണ 400' എന്ന ബി.ജെ.പി മുദ്രാവാക്യം പൂർത്തിയാക്കാൻ തെലങ്കാനയും അണിചേരണം. ഇന്ത്യ പുതിയ ഉയരങ്ങൾ തൊടുകയാണെന്നും സാമ്പത്തിക വികസനത്തിൽ പുതിയ അദ്ധ്യായം രചിക്കുമെന്നും അതാണ് തന്റെ ഉറപ്പെന്നും മോദി പറഞ്ഞു.

നേരത്തെ,മോദി സംഗറെഡ്ഡിയിൽ ഏകദേശം 7,000 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.