bjp

ന്യൂഡൽഹി: കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം 195 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ബി.ജെ.പിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഈയാഴ്ച വന്നേക്കും. ആദ്യ പട്ടികയിൽ ഇടം നേടാതിരുന്ന കർണാടക, മഹാരാഷ്‌ട്ര അടക്കം സംസ്ഥാനങ്ങളെ ഉൾപ്പെടുത്തും മാർച്ച് രണ്ടാം വാരം തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുൻപ് പകുതിയിലേറെ സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കാനാണ് ബി.ജെ.പി നീക്കം.

കർണാടക അടക്കം സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ ഈയാഴ്‌ച തീരുമാനിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി അംഗവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി. എസ്. യെദിയൂരപ്പ പറഞ്ഞു. നാളെ നടക്കുന്ന യോഗത്തിന് ശേഷം രണ്ടാം പട്ടിക പ്രഖ്യാപിച്ചേക്കും. കർണാടകയിലെ 28 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ രണ്ടാം പട്ടികയിൽ പ്രഖ്യാപിച്ചേക്കും. . ജെ.ഡി.എസും ബി.ജെ.പിയും കർണാടകയിൽ സഖ്യമായാണ് മത്സരിക്കുക.ആദ്യ പട്ടികയിൽ ഇല്ലാത്ത മഹാരാഷ്ട്രയിൽ സഖ്യകക്ഷികളായ ശിവസേന(ഷിൻഡെ), എൻ.സി.പി(അജിത് പവാർ) എന്നിവരുമായുള്ള സീറ്റ് തർക്കം തീർക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയിട്ടുണ്ട്.