
ന്യൂഡൽഹി: സൈനിക ആശുപത്രിയിലെ അനാസ്ഥ കാരണം രക്തത്തിലൂടെ എച്ച്.ഐ.വി ബാധിച്ച വ്യോമസേന വിമുക്തഭടന് 18 ലക്ഷം രൂപ ഉടൻ കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 2023 സെപ്തംബറിൽ അനുവദിച്ച ഒരു കോടി അൻപത്തിനാല് ലക്ഷം നഷ്ടപരിഹാരം ഇതുവരെ ലഭ്യമായില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ സൈനിക ഉദ്യോഗസ്ഥൻ സമർപ്പിച്ച കോടതിയലക്ഷ്യഹർജിയിലാണ് നിർദ്ദേശം. 18 ലക്ഷം കഴിഞ്ഞുള്ള ബാക്കി തുക രണ്ടാഴ്ച്ചയ്ക്കുള്ളിൽ സേന കൈമാറണം. കരസേനാ ആശുപത്രിയിൽ മാസത്തിൽ രണ്ടുതവണ അദ്ദേഹത്തിന് മെഡിക്കൽ പരിശോധന നടത്തി ചികിത്സ ഉറപ്പാക്കണമെന്നും ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 2001ലെ പാർലമെന്റ് ആക്രമണത്തിന് പിന്നാലെ 'ഓപ്പറേഷൻ പരാക്രം' എന്ന പേരിൽ പാക് അതിർത്തിയിലുടനീളം ഇന്ത്യ യുദ്ധസന്നാഹം നടത്തിയപ്പോൾ അതിൽ പങ്കെടുത്തയാളാണ് വ്യോമസേന മുൻ ഉദ്യോഗസ്ഥൻ. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് സാംബയിലെ സൈനിക ആശുപത്രിയിൽ 2002 ജൂലായിൽ പ്രവേശിപ്പിച്ചു. അവിടെ വച്ച് രക്തം സ്വീകരിക്കേണ്ടി വന്നു. 2014ൽ അസുഖബാധിതനായപ്പോൾ നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി ബാധിച്ചതായി കണ്ടെത്തിയത്.