
ന്യൂഡൽഹി: ശബരിമലയിൽ കീടനാശിനി സാന്നിദ്ധ്യമുള്ള ഏലയ്‌ക്ക ഉപയോഗിച്ച് തയ്യാറാക്കിയ അരവണ ഭക്ഷ്യയോഗ്യമല്ലെന്ന കേരള ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ അപ്പീൽ അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസ് പി.എസ്. നരസിംഹ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. വിവാദ ഏലയ്ക്ക വിതരണം ചെയ്ത കരാറുകാരനെതിരെ യുക്തമായ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതടക്കം ദേവസ്വം ബോർഡിന്റെ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിതരണം ചെയ്യാതെ മാറ്റിവച്ച ആറരലക്ഷത്തിലേറെ ടിൻ അരവണ ഭക്ഷ്യയോഗ്യമാണെന്ന് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ ഗവ. ലാബിലെ പരിശോധനയിൽ പിന്നീട് കണ്ടെത്തിയിരുന്നു. കീടനാശിനിയുടെ ചെറിയ സാന്നിദ്ധ്യമുണ്ടെങ്കിലും അത് തൃപ്തികരമാണെന്നും, ഭക്ഷ്യയോഗ്യമാണെന്നും പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യത്തെ തുടർന്നാണ് പരിശോധനയ്ക്ക് 2023 മേയ് 15ന് സുപ്രീംകോടതി ഭക്ഷ്യസുരക്ഷാ അതോറിട്ടിക്ക് നിർദ്ദേശം നൽകിയത്. എന്നാൽ ഭക്ഷ്യസുരക്ഷാ അതോറിട്ടിയെ കൊണ്ട് അരവണ പരിശോധിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ നിലപാട്.