
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ സിറ്റിംഗ് മണ്ഡലമായ വയനാടിനൊപ്പം ഉത്തർപ്രദേശിലെ അമേഠിയിലും മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചന. അതേസമയം രാഹുലിന്റെ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് കന്നി ലോക്‌സഭ അങ്കത്തിനിറങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്. ഇന്നു തുടങ്ങുന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.
2019ൽ സിറ്റിംഗ് മണ്ഡലമായ അമേഠി സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് രാഹുൽ വയനാട്ടിലും മത്സരിച്ചത്. അന്ന് അമേഠിയിൽ ബി.ജെ.പിയുടെ സ‌്‌മൃതി ഇറാനിയോട് 55,000ത്തോളം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കേരളത്തിൽ ആലപ്പുഴ ഒഴികെയുള്ള സീറ്റുകളിൽ കോൺഗ്രസ് തരംഗമുണ്ടാക്കിയതും ചരിത്രം.
ഇക്കുറിയും അമേഠിയിൽ ബി.ജെ.പി സിറ്റിംഗ് എം.പി സ്‌മൃതി ഇറാനിയെ ആദ്യ പട്ടികയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കിടെ രാഹുലും സ്‌മൃതി ഇറാനിയും ഒരേദിവസം മണ്ഡലത്തിൽ എത്തിയിരുന്നു. രാഹുലിനെ അമേഠിയിൽ മത്സരിക്കാൻ സ്‌മൃതി ഇറാനി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് രാജ്യസഭയിലേക്ക് മാറാൻ തീരുമാനിച്ചതുമുതൽ സിറ്റിംഗ് മണ്ഡലമായ റായ്ബറേലിയിൽ മകൾ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന റിപ്പോർട്ടുണ്ടായിരുന്നു. മത്സരിക്കാൻ പ്രിയങ്കയും സന്നദ്ധത അറിയിച്ചതായാണ് സൂചന. 2019ൽ ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ഏക സീറ്റാണ് റായ്ബറേലി.
പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാക്കി മണ്ഡലത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'പ്രിയങ്കയെ റായ്ബറേലി വിളിക്കുന്നു, സ്ഥാനാർത്ഥിയാക്കൂ, കോൺഗ്രസിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകൂ, പ്രിയങ്കാ ഗാന്ധിജി, ദയവായി വരൂ" എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ.