
ന്യൂഡൽഹി: പൊതുവേദികളിലെ പ്രസംഗങ്ങളിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ രാഹുൽ ഗാന്ധിക്ക് ജാഗ്രതാ നിർദ്ദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ 'ദുശ്ശകുനം', 'പോക്കറ്റടിക്കാരൻ' പരിഹാസങ്ങളുടെ പശ്ചാത്തലത്തിലാണിത്. ഈ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി നൽകിയ കേസിൽ ഉചിതമായ നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താരപ്രചാരകരും രാഷ്ട്രീയ നേതാക്കളും പാലിക്കേണ്ട മാർഗരേഖ പിന്തുടരാൻ രാഹുലിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ പാർട്ടികൾ, സ്ഥാനാർത്ഥികൾ, താരപ്രചാരകർ എന്നിവർ കർശന നടപടി നേരിടേണ്ടിവരുമെന്ന് മാർച്ച് ഒന്നിനിറക്കിയ മാർഗരേഖയിൽ പറയുന്നുണ്ട്. നേരത്തേ നോട്ടീസ് ലഭിച്ചവരിൽ നിന്ന് വീണ്ടും ലംഘനമുണ്ടായാൽ നടപടി കടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
രാഹുൽ നവംബർ 22ന് നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്രമോദിയെ പരിഹസിച്ച് പരാമർശങ്ങൾ നടത്തിയത്. പ്രസ്താവന നല്ല ഉദ്ദേശ്യത്തോടെ ഉള്ളതല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.