
ന്യൂഡൽഹി: കൊൽക്കത്ത മെട്രോയ്ക്കായി ഹൂഗ്ളി നദിയുടെ അടിത്തട്ടിന് 16 മീറ്റർ താഴെ 520 മീറ്റർ നീളത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. തുരങ്കപാത ഉൾപ്പെടുന്ന എസ്പലനേഡ് - ഹൗറ മൈതാൻ മെട്രോ റൂട്ടിൽ യാത്ര ചെയ്ത പ്രധാനമന്ത്രി തൊഴിലാളികളുമായും സ്കൂൾ കുട്ടികളുമായും സംവദിച്ചു. ഇതിനൊപ്പം കൊൽക്കത്തയിൽ 15,400 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു.
നദിക്കടിയിലുള്ള രാജ്യത്തെ ആദ്യത്തെ മെട്രോ തുരങ്കപാതയിലൂടെ സഞ്ചരിച്ചത് അഭിമാന നിമിഷമെന്ന് മോദി എക്സിൽ കുറിച്ചു. അത് അവിസ്മരണീയമായിരുന്നു. ജനശക്തിയെ വണങ്ങുന്നു, നവോന്മേഷത്തോടെ അവരെ സേവിക്കുന്നത് തുടരും. പുതിയ പാത കൊൽക്കത്തക്കാർക്ക് ഏറെ പ്രയോജനം ചെയ്യും. ഗതാഗതക്കുരുക്ക് കുറയും. കുട്ടികൾക്കും മെട്രോ തൊഴിലാളികൾക്കും ഒപ്പമുള്ള മെട്രോ യാത്രയും ആസ്വദിച്ചു-മോദി പറഞ്ഞു.
പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസും ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി മെട്രോ അടക്കം പദ്ധതികൾ
കൽക്കത്തയിലെ വിവിധ പദ്ധതികൾക്കൊപ്പം എസ്.എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷൻ മുതൽ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ വരെയുള്ള കൊച്ചി മെട്രോ റെയിലിന്റെ ഒന്നാം ഘട്ട വിപുലീകരണ പദ്ധതി, പൂനെ മെട്രോയുടെ റൂബി ഹാൾ ക്ലിനിക്ക് മുതൽ രാംവാഡി വരെയുള്ള ഭാഗം, ആഗ്ര മെട്രോയുടെ താജ് ഈസ്റ്റ് ഗേറ്റ് മുതൽ മങ്കമേശ്വർ വരെയുള്ള ഭാഗം, ഡൽഹി-മീററ്റ് ആർ.ആർ.ടി.എസ് ഇടനാഴിയുടെ ദുഹായ്-മോദിനഗർ (വടക്ക്) ഭാഗം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ ഭാഗങ്ങളിലെ ട്രെയിൻ സർവീസുകളും അദ്ദേഹം വീഡിയോ കോൺഫറൻസ് വഴി ഫ്ളാഗ് ഓഫ് ചെയ്തു. പൂനെ മെട്രോ റെയിൽ പദ്ധതിയുടെ ഒന്നാം ഘട്ട വിപുലീകരണത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.