s

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രണ്ടു ദിവസത്തെ ചർച്ചകളിൽ സഖ്യകക്ഷികളുടെ തർക്കം പരിഹരിച്ച് എൻ.ഡി.എ സീറ്റ് ധാരണയുണ്ടാക്കിയതായി സൂചന.സംസ്ഥാനത്തെ 48 സീറ്റിൽ 32ലും ബി.ജെ.പി മത്സരിക്കും. ശിവസേന (ഷിൻഡെ ) 11 സീറ്റിലും എൻ.സി.പി (അജിത് പവാർ) അഞ്ചു സീറ്റിലും.

കൂടുതൽ സീറ്റ് ചോദിച്ച സഖ്യകക്ഷികളെ വിജയ സാദ്ധ്യത ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ മയപ്പെടുത്തിയത്. 32 സീറ്റിൽ മത്സരിക്കുന്നത് ബി.ജെ.പിക്ക് വലിയ നേട്ടമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ശിവസേനയുടെ ജൂനിയർ പങ്കാളിയായി ഒതുങ്ങിയ ബി.ജെ.പി, കാര്യങ്ങൾ തീരുമാനിക്കുന്ന 'വല്യേട്ടൻ' ആയതിന്റെ തെളിവാണിത്. ചർച്ചകളിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവർ പങ്കെടുത്തു.

2019ൽ അവിഭക്ത ശിവസേനയുമായി സഖ്യത്തിലായിരുന്നപ്പോൾ ബി.ജെ.പി 25 സീറ്റിലാണ് മത്സരിച്ചത്. 23ൽ ജയിച്ചു. ശിവസേന 23 സീറ്റിൽ മത്സരിച്ച് 18ഇടത്ത് ജയിച്ചു. കോൺഗ്രസ് സഖ്യകക്ഷിയായി 19 സീറ്റിൽ മത്സരിച്ച അവിഭക്ത എൻ.സി.പി നാലിടത്തും ജയിച്ചു.

ഉദ്ധവ് താക്കറെയിൽ നിന്ന് പിളർന്നകന്ന ഷിൻഡെ പക്ഷത്തിന് ഈ 18 എംപിമാരിൽ 12 പേരുടെയും പിന്തുണയുണ്ട്. എൻ.സി.പി അജിത് പവാർ പക്ഷത്തിനൊപ്പം നാലിൽ ഒരു എംപിയും. കഴിഞ്ഞ തവണ ജയിച്ച 18 സീറ്റുകളും ഷിൻഡേ സേന അവകാശപ്പെട്ടിരുന്നു. അജിത് പവാർ 10 സീറ്റിനും സമ്മർദ്ദം ചെലുത്തി. ഈ വിലപേശൽ സീറ്റ് ചർച്ച വഴിമുട്ടിച്ചപ്പോഴാണ് അമിത് ഷാ ഇടപെട്ടത്.

സഖ്യകക്ഷികൾക്ക് വിജയ സാദ്ധ്യതയുള്ള ഒരു സീറ്റും ബി.ജെ.പി തട്ടിയെടുക്കില്ലെന്നും ഷിൻഡെയോടും അജിത് പവാറിനോടും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനും ഷാ പറഞ്ഞു. സംസ്ഥാനത്ത് 45-ലധികം സീറ്റ് നേടാൻ ഒരു ടീമായി പ്രവർത്തിക്കണമെന്നതും ഒാർമ്മിപ്പിച്ചു. ചില സീറ്റുകളിൽ ചർച്ച ശേഷിക്കുന്നതിനാലാണ് സീറ്റ് ധാരണ പരസ്യമാക്കാത്തത്.

അമിത് ഷാ വിവിധ സ്ഥലങ്ങളിൽ യോഗങ്ങളും റാലികളും നടത്തി. അമരാവതി, അകോല, ബുൽധാന, യവത്‌മാൽ-വാഷിം, ചന്ദ്രപൂർ, വാർധ തുടങ്ങി വിദർഭ മേഖലയിലെ സീറ്റുകളെക്കുറിച്ച് നേതാക്കളുമായി ആശയവിനിമയവും നടത്തി.