ssa

ന്യൂഡൽഹി: ബംഗാളിലെ സന്ദേശ്ഖാലിയിൽ ഇ.ഡി സംഘത്തെ ആക്രമിച്ചെന്ന കേസിലെ പ്രതിയും തൃണമൂ‍ൽ കോൺഗ്രസ് നേതാവുമായ ഷാജഹാൻ ഷെയ്ഖിനെ ഒടുവിൽ സി.ബി.ഐക്ക് കൈമാറി. കൽക്കട്ട ഹൈക്കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് നേതാവിനെ കൈമാറാൻ സർക്കാർ തയ്യാറായത്. ഇന്നലെ വൈകീട്ട് 4.15ന് മുൻപ് സി.ബി.ഐക്ക് കൈമാറണമെന്ന് ഹൈക്കോടതി കടുത്ത നിലപാടെടുക്കുകയായിരുന്നു. മമത സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിൽ അടിയന്തര ഇടപെടലുണ്ടായില്ല. ബംഗാൾ സി.ഐ.ഡിയുടെ ആസ്ഥാനത്ത് എത്തിയ സി.ബി.ഐ സംഘത്തിന് ഷാജഹാൻ ഷെയ്ഖിനെ കൈമാറും മുൻപ് മെഡിക്കൽ പരിശോധന നടത്തി. ജനുവരി അഞ്ചിന് റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഷാജഹാൻ ഷെയ്ഖിനെ തേടിയെത്തിയ ഇ.ഡി ഉദ്യോഗസ്ഥരാണ് ആക്രമണത്തിനിരയായത്. ആൾക്കൂട്ടത്തെ ഇളക്കിവിട്ടുവെന്നാണ് നേതാവിനെതിരെയുള്ള കുറ്റം.