
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ ശേഷിക്ക, കെ. കരുണാകരന്റെ മകളും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ പദ്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. കേരള പ്രഭാരി പ്രകാശ് ജാവദേക്കർ മുഖേന നടത്തിയ നീക്കങ്ങളാണ് ഫലപ്രാപ്തിയിലെത്തിയത്.
വലിയ സന്തോഷവും, ചെറിയ ടെൻഷനുമുണ്ടെന്നായിരുന്നു പദ്മജയുടെ ആദ്യപ്രതികരണം. താൻ ആദ്യമായാണ് പാർട്ടി മാറുന്നത്. ബി.ജെ.പിയെ പറ്റി പഠിക്കാൻ പോകുകയാണ്. നരേന്ദ്രമോദി കരുത്തനായ നേതാവാണ്. അദ്ദേഹത്തിന്റെ കഴിവും നേതൃഗുണവും എന്നും തന്നെ ആകർഷിച്ചിരുന്നു. അത് കൊണ്ടു കൂടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും
പദ്മജ പറഞ്ഞു.
പദ്മജയുടെ വരവ് ബി.ജെ.പിക്ക് കേരളത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണത്തിനടക്കം പദ്മജ ഇറങ്ങിയേക്കുമെന്നാണ് സൂചന. ഇന്നലെ വൈകിട്ട് ആറര മണിക്ക് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്താണ് കേരള പ്രഭാരി പ്രകാശ് ജാവദേക്കർ അംഗത്വം നൽകി തിരുവനന്തപുരത്ത് ബി.ജെ.പി പ്രവർത്തകർ സ്വീകരണമൊരുക്കും.
കുറച്ചു വർഷങ്ങളായി കോൺഗ്രസ് പാർട്ടിക്കുള്ളിൽ താൻ സന്തുഷ്ടയായിരുന്നില്ലെന്ന് പദ്മജ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുതൽ അതൃപ്തയാണ്. ഹൈക്കമാൻഡിന് നിരവധി തവണ പരാതി കൊടുത്തു. പ്രതികരണമുണ്ടായില്ല. ദേശീയ നേതൃത്വത്തെ കാണാൻ പോയിട്ടും കൂടിക്കാഴ്ച്ചയ്ക്ക് സമയം ലഭിച്ചില്ല. അച്ഛന്റെ അതേ കയ്പേറിയ അനുഭവം കോൺഗ്രസിൽ തനിക്കുമുണ്ടായി. അതുകൊണ്ടാണ് പാർട്ടി മാറാൻ തീരുമാനിച്ചത്. ബി.ജെ.പിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. സമാധാനമായി പ്രവർത്തിക്കണം..
ബി.ജെ.പിയിൽ ചേരാൻ
പദ്മജയുടെ കാരണങ്ങൾ
1. കോൺഗ്രസിന് നേതൃത്വമില്ല. സോണിയാ ഗാന്ധിയെ കാണാൻ പോലും കിട്ടില്ല.
2. സീറ്റ് തന്ന പാർട്ടി തന്നെയാണ് തോൽപ്പിച്ചത്.
3. പരാതികൾ ചവറ്റുകുട്ടയിൽ പോയെന്നാണ് കിട്ടിയ വിവരം.
4. തൃശൂരിൽ തന്നെ തോൽപ്പിച്ചവരെ മണ്ഡലത്തിൽ കൊണ്ടുവച്ചു. വല്ലാതെ ദ്രോഹിച്ചു.
5. രാഷ്ട്രീയം അവസാനിപ്പിച്ചാലോ എന്നു പോലും ആലോചിച്ചു.