
ന്യൂഡൽഹി: പൗരന് ഭരണകൂട തീരുമാനങ്ങളെ വിമർശിക്കാൻ അവകാശമുണ്ടെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പൊലീസ് സംവിധാനത്തെ ബോധവത്കരിക്കേണ്ട സമയമായെന്നും സുപ്രീംകോടതി. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ചതിന് അദ്ധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി കൊണ്ടാണ് ജസ്റ്രിസുമാരായ അഭയ് എസ്.ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിൽ ആശംസയർപ്പിച്ചെന്ന കേസുകൂടി അദ്ധ്യാപകനുമേൽ ചുമത്തിയിരുന്നു. എന്നാൽ മറ്റു രാജ്യങ്ങളുടെ സ്വാതന്ത്യദിനത്തിൽ ആശംസകൾ അർപ്പിക്കുന്നതിനെ കുറ്റകൃത്യമായി കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടന പ്രകാരം എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഭരണകൂടത്തിന്റെ തീരുമാനത്തിൽ അസന്തുഷ്ടനാണെന്ന് പറയാനും അവകാശമുണ്ട്. ഒരാൾ ഒരു പ്രത്യേക മതസമുദായത്തിന്റെ അംഗമായതു കൊണ്ട് പ്രത്യേക താത്പര്യങ്ങൾ ആരോപിക്കാനാകില്ലെന്നും വ്യക്തമാക്കി.
മഹാരാഷ്ട്ര പൊലീസാണ് കോലാപൂരിലെ കോളേജ് അദ്ധ്യാപകനും, ജമ്മു കാശ്മീർ സ്വദേശിയുമായ ജാവേദ് അഹമ്മദ് ഹാജമിനെതിരെ വിദ്വേഷക്കുറ്റം ചുമത്തി കേസെടുത്തത്. സാധാരണ പ്രതിഷേധമാണ് അദ്ധ്യാപകനിൽ നിന്നുണ്ടായതെന്നും, പരിധി കടന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ ബോംബെ ഹൈക്കോടതി ഇടപെടാത്തതിനെ തുടർന്നാണ് ജാവേദ് സുപ്രീകോടതിയെ സമീപിച്ചത്.