
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ബോണ്ട് മുഖേന രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരുടെ വിവരങ്ങൾ വെളിപ്പെടുത്താത്തതിന്
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയ്ക്കെതിരെ സുപ്രീംകോടതിയിൽ കോർട്ടലക്ഷ്യ ഹർജി.
വിവരങ്ങൾ മാർച്ച് 6നകം തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണമെന്ന്, തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കിയ വിധിയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ്.ബി.ഐക്ക് നിർദ്ദേശം നൽകിയിരുന്നു. ഉത്തരവ് പാലിച്ചില്ലെന്നും, ഇത് ബോധപൂർവ്വമാണെന്നും കാട്ടി ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും കോമൺ കോസും ആണ് സുപ്രീംകോടതിയെ സമീപിച്ചത്. എസ്.ബി.ഐ കൈമാറുന്ന വിവരങ്ങൾ മാർച്ച് 13ഓടെ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ
വിവരങ്ങൾ കൈമാറാൻ ജൂൺ 30 വരെ സാവകാശം തേടി എസ്.ബി.ഐ മാർച്ച് നാലിന് ഹർജി സമർപ്പിക്കുകയാണ് ചെയ്‌തത്.
ഈ ഹർജി മാർച്ച് 11ന് ലിസ്റ്റ് ചെയ്‌തേക്കുമെന്നും, അതോടൊപ്പം കോടതിയലക്ഷ്യ ഹർജി പരിഗണിക്കണമെന്നും ഇന്നലെ ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടപ്പോൾ പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
ബാങ്കിന്റെ വിവിധ ശാഖകളിലായി സൂക്ഷിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജൂൺ30 വരെ സമയം വേണമെന്നാണ് എസ്.ബി.ഐ കോടതിയോട് ആവശ്യപ്പെട്ടത്. കോടതി ഇത് അംഗീകരിച്ചാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേറ്റ ശേഷമേ ഈ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ ഇലക്‌ഷൻ കമ്മിഷന് കഴിയൂ.
രാഷ്‌ട്രീയ പാർട്ടികൾക്ക് സംഭാവനകൾ നൽകിയ അജ്ഞാതരുടെയും അവർ നൽകിയ തുകയുടെയും വിവരങ്ങൾ ഏപ്രിൽ - മേയിൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൊതുജനങ്ങൾ അറിയാതിരിക്കാൻ ബാങ്ക് മനഃപൂർവം ശ്രമിക്കുകയാണെന്ന് കോർട്ടലക്ഷ്യ ഹർജിയിൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് ബോണ്ടിന്റെ വിവരങ്ങൾ ജനങ്ങൾക്ക് പെട്ടെന്ന് ലഭ്യമാക്കുമെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നേരത്തേ ബോധിപ്പിച്ചിട്ടുള്ളത്.