modi

ന്യൂഡൽഹി: ബി.ജെ.പി സർക്കാർ റദ്ദാക്കിയ 370-ാം വകുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജമ്മു കാശ്മീരിലെയും രാജ്യത്തെയും ജനങ്ങളെയും വളരെക്കാലം തെറ്റിദ്ധരിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീനഗറിലെ ബക്‌ഷി സ്റ്റേഡിയത്തിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം ശ്രീനഗറിൽ മോദിയുടെ ആദ്യ സന്ദർശനമാണിത്.

370 റദ്ദാക്കിയ ശേഷം ജമ്മു കാശ്മീർ വികസനത്തിന്റെ പുതിയ ഉയരങ്ങൾ തൊടുകയാണ്. ജനങ്ങൾ സ്വാതന്ത്ര്യം ശ്വസിക്കുന്നു.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നടപ്പാക്കിയ നിയമങ്ങൾ ജമ്മു കാശ്മീരിൽ നടപ്പാകാത്ത കാലമുണ്ടായിരുന്നു. ദരിദ്രരുടെ ക്ഷേമത്തിനായി രാജ്യത്ത് നടപ്പാക്കിയ പദ്ധതികൾ ജമ്മു കാശ്മീരിലെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടു. ആ കാലം മാറി. ഭാവിയിൽ ജമ്മു കാശ്മീർ ലോകത്തെയാകെ ആകർഷിക്കും. ജമ്മു കാശ്മീരിന്റെ വികസനത്തിനാണ് തന്റെ സർക്കാർ ഊന്നൽ നൽകിയത്. ഇവിടെ ഇപ്പോൾ വിനോദസഞ്ചാരത്തിന്റെ കുതിച്ചുചാട്ടമാണ്. നേരത്തെ സഞ്ചാരികൾ സന്ദർശിക്കാൻ വിമുഖത കാണിച്ചിരുന്നു. ഇന്ന് ടൂറിസത്തിന്റെ എല്ലാ റെക്കോർഡുകളും തകർക്കുന്നു. 2023 ൽ മാത്രം രണ്ടു കോടിയിലധികം സഞ്ചാരികൾ എത്തി.

വെഡ്ഡിംഗ് ഡെസ്‌റ്റിനേഷൻ

ജമ്മുകാശ്‌മീരിൽ തന്റെ അടുത്ത ദൗത്യം 'വെഡ് ഇൻ ഇന്ത്യ' ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവാഹത്തിന് വിദേശത്ത് പോയി പണം ചെലവാക്കാതെ ജമ്മു കശ്മീർ പോലുള്ള ഇന്ത്യയിലെ സ്ഥലങ്ങളിൽ വിവാഹങ്ങൾ നടത്തണം. ബി.ജെ.പിക്ക് ജമ്മു കശ്മീരുമായി പണ്ടേ ബന്ധമുണ്ട്. ഇവിടത്തെ തടാകങ്ങളിൽ താമര കാണാം. 50 വർഷം മുമ്പ് രൂപീകരിച്ച ജമ്മു കാശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ലോഗോയിലും താമരയുണ്ട്.

ശ്രീനഗറിൽ 5000 കോടി രൂപയുടെ കാർഷിക പദ്ധതികൾ മോദി രാജ്യത്തിനു സമർപ്പിച്ചു. ഹസ്രത്ബാൽ ദേവാലയത്തിന്റെ വികസനം ഉൾപ്പെടെ 1400കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതികൾക്കും തുടക്കം കുറിച്ചു.

ചടങ്ങിൽ പുൽവാമയിൽ നിന്നുള്ള സംരംഭകൻ നസീമിനൊപ്പം പ്രധാനമന്ത്രി സെൽഫിക്ക് പോസ് ചെയ്തു.