sarath

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയും ഭരണനഷ്‌ടവും അലട്ടുന്ന രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, മുൻ കേന്ദ്രമന്ത്രിയും മുൻ സ്‌പീക്കറുമായ സി.പി ജോഷി തുടങ്ങിയ മുതിർന്ന നേതാക്കളെ ഇറക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തടയിടാൻ കോൺഗ്രസ് നീക്കം.

ജോധ്പൂരിൽ ഗെലോട്ടിനെയും ടോങ്ക്-സവായ് മധോപൂരിൽ സച്ചിനെയും ജയ്‌പൂർ സിറ്റിയിലോ ഭിൽവാരയിലോ ജോഷിയെയുമാണ് പരിഗണിക്കുന്നത്. ജോധ്പൂരിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ ബി.ജെ.പി വീണ്ടും സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. 2019ൽ ഗെലോട്ടിന്റെ മകൻ വൈഭവിനെയാണ് അദ്ദേഹം തോൽപ്പിച്ചത്. ഗെലോട്ട് മത്സരിച്ചാൽ പോരാട്ടം കടുക്കുമെന്നാണ് വിലയിരുത്തൽ. ടോങ്ക്-സവായ് മധോപൂരിൽ സച്ചിൻ മത്സരിച്ചാൽ അനുകൂലമാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.

എന്നാൽ ലോക്‌സഭയിലേക്ക് മത്സരിക്കാൻ ഗെലോട്ടിനും സച്ചിനും താത്‌പര്യമില്ലെന്നാണ് സൂചന. ഇരുവരും മത്സരിച്ചാൽ മറ്റുമണ്ഡലങ്ങളിലെ പ്രചാരണത്തെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ഇരുവരുമായും പാർട്ടി ചർച്ച നടത്തുകയാണെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് എസ്.എസ്. രൺധാവ പറഞ്ഞു.

കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് രാജസ്ഥാനിൽ ഒരു സീറ്റും കിട്ടിയില്ല. ബി.ജെ.പി 2014-ൽ 25 മണ്ഡലങ്ങളും തൂത്തുവാരി. 2019-ൽ ബി. ജെ. പി 24സീറ്റും എൻ.ഡി.എ സഖ്യകക്ഷിയായ ആർ.എൽ.പി ഒരു സീറ്റും നേടി.