smrithi

ന്യൂഡൽഹി: തന്റെ സിറ്റിംഗ് സീറ്റായ അമേഠിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞതും 2019ലെ തോൽവിയുടെ ആഘാതം വേട്ടയാടുന്നതുമാണ് രാഹുൽ ഗാന്ധിയെ വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതിന് പിന്നിലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. മണ്ഡലത്തിൽ 206 കോടി യുടെ 281 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ആരു മത്സരിക്കുമെന്ന് ഇപ്പോൾ തനിക്കറിയില്ലെന്നും എന്നാൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള ധൈര്യം കോൺഗ്രസുകാർക്കില്ലെന്നും അവർ പറഞ്ഞു. അമേഠിയുടെ ശക്തിയും തോൽവി ഭയവും അവരെ വേട്ടയാടുന്നതായി തോന്നുന്നു.

.2002 മുതൽ അമേഠിയെ പ്രതിനിധീകരിച്ച രാഹുൽ ഗാന്ധി 2019 ലാണ് സ്‌മൃതി ഇറാനിയോട് തോറ്റത്. 2014ൽ സ്‌മൃതി ഇറാനിയെ രാഹുൽ തോൽപ്പിച്ചിരുന്നു. അന്നത്തെ തോൽവിക്കു ശേഷവും മണ്ഡലത്തിൽ തുടർന്ന് സേവിച്ചതു കൊണ്ടാണ് 2019ൽ തന്നെ ജനങ്ങൾ സ്വീകരിച്ചതെന്ന് സ്‌മൃതി പറഞ്ഞു. ബി.ജെ.പി ഭരണത്തിൻകീഴിൽ മണ്ഡലത്തിലെ യുവാക്കൾക്ക് മികച്ച അവസരങ്ങളാണ് ലഭിക്കുന്നതെന്നും സ്‌മൃതി ഇറാനി ചൂണ്ടിക്കാട്ടി. അതിനിടെ, രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഗാൾ പറഞ്ഞു