
ന്യൂഡൽഹി : ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് ബി.ജെ.പിയിൽ ചേരുമെന്ന് പദ്മജ വേണുഗോപാൽ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീടത് ആറര മണിയിലേക്ക് നീണ്ടു. രാവിലെ മുതൽ മലയാളി മാദ്ധ്യമപ്രവർത്തകർ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ അംഗത്വമെടുക്കൽ സംബന്ധിച്ച് ആശയക്കുഴപ്പം അവസാനിച്ചത് വൈകിട്ട് 05.10ഓടെയാണ്.
6.30ന് ഒരു പ്രമുഖ വ്യക്തിത്വം ബി.ജെ.പിയിൽ ചേരുമെന്ന് പാർട്ടി ആസ്ഥാനത്ത് നിന്ന് മാദ്ധ്യമപ്രവർത്തകർക്ക് സന്ദേശമെത്തി. 06.10 ഓടെ പദ്മജ ബി.ജെ.പി ആസ്ഥാനത്തെത്തി. ഡൽഹി ദ്വാരകയിൽ ബി.ജെ.പി ഒരുക്കിയ കേന്ദ്രത്തിലാണ് പദ്മജ താമസിച്ചിരുന്നതെന്നാണ് സൂചന. കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, ബി.ജെ.പി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ, ഔദ്യോഗിക വക്താവ് ടോം വടക്കൻ എന്നിവർക്കൊപ്പം 6.24 ഓടെ വാർത്താസമ്മേളനത്തിലേക്ക്. ചെറിയ പിരിമുറുക്കം പദ്മജയിൽ പ്രകടമായിരുന്നു. വാർത്താസമ്മേളനത്തിൽ അത് തുറന്നു പറയുകയും ചെയ്തു. പാർട്ടിയിൽ ചേർന്ന ശേഷം ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു.
ഇന്നലെ രാവിലെ തന്നെ ബി.ജെ.പി പ്രവേശനം പദ്മജ സ്ഥിരീകരിച്ചിരുന്നു. കെ. കരുണാകരന്റെ ആത്മാവ് പൊറുക്കില്ല തുടങ്ങിയ സഹോദരൻ കെ. മുരളീധരന്റെ പരാമർശങ്ങൾക്ക് മറുപടി നൽകി. ചിരിയാണ് വന്നത്. അച്ഛൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തോട് ഒരു താത്പര്യവും മുരളീധരൻ കാണിച്ചില്ല. കരുണാകരൻ മരിക്കുന്നത് വരെ അദ്ദേഹത്തെ താൻ വിഷമിപ്പിച്ചിട്ടില്ല. മുരളീധരൻ തനിക്കെതിരെ പ്രവർത്തിച്ചപ്പോൾ നേതാക്കളെ ആരെയും കണ്ടില്ല. മുരളീധരൻ ഇതെല്ലാം തിരുത്തിപ്പറയുന്ന കാലം വരും. വർക് ഫ്രം ഹോം പരാമർശം വേദനിപ്പിച്ചു. ഒന്നരവർഷമായി ആരോഗ്യപ്രശ്നമുണ്ടായിരുന്നത് സഹോദരന് അറിയാവുന്നതാണ്.
തന്നെ ബി.ജെ.പിയാക്കി
ആരു വേണമെങ്കിലും എന്തുവേണമെങ്കിലും പറഞ്ഞോട്ട. ചതിയല്ല ചെയ്തത്. തന്നെ ഈ തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇപ്പോഴും ആരോടും പരാതിയില്ല. രാഷ്ട്രീയ വനവാസത്തിനില്ല. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന് പറഞ്ഞത് പോലെ കോൺഗ്രസ് നേതൃത്വം തന്നെ ബി.ജെ.പിയാക്കി. ഇ.ഡിയെ പേടിച്ചാണ് പോകുന്നതെന്ന് പറയുന്ന നേതാവ് മുൻപ് ബി.ജെ.പിയുമായി ചർച്ച നടത്തിയാളാണെന്നും പദ്മജ പറഞ്ഞു.