
ന്യൂഡൽഹി: രാജ്യത്ത് പൊതു-സ്വകാര്യ മേഖലകളിൽ നിർമ്മിത ബുദ്ധി (എ.ഐ) പ്രോത്‌സാഹിപ്പിക്കാനും അനുകൂല ആവാസ വ്യവസ്ഥ സൃഷ്‌ടിക്കാനും ലക്ഷ്യമിടുന്ന ഇന്ത്യ എ ഐ മിഷന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പദ്ധതിക്ക് അഞ്ച് വർഷത്തേക്ക് 10,371.92 കോടി രൂപ വകയിരുത്തി.
കംപ്യൂട്ടിംഗ് ജനാധിപത്യവത്ക്കരിക്കുക, ഡാറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തദ്ദേശീയ നിർമ്മിത ബുദ്ധി വികസിപ്പിക്കുക, പ്രതിഭകളെ ആകർഷിക്കുക, വ്യവസായ സഹകരണം, സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം, സമൂഹത്തെ സ്വാധീനിക്കുന്ന എ.ഐ പദ്ധതികൾ, നല്ല ഉദ്യേശ്യത്തോടെയുള്ള നിർമ്മിത ബുദ്ധി ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. രാജ്യത്തെ കമ്പ്യൂട്ടിംഗ് ശേഷി വർദ്ധിപ്പിക്കാൻ 10,000ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകൾ സ്ഥാപിക്കും.
ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്റെ (ഡി.ഐ.സി) 'ഇന്ത്യ എഐ' ഇൻഡിപെൻഡന്റ് ബിസിനസ് ഡിവിഷൻ (ഐ.ബി.ഡി) ആണ് ദൗത്യം നടപ്പിലാക്കുക.
പദ്ധതിയുടെ പ്രധാന ഘടകങ്ങൾ:
ഉയർന്ന നിലവാരമുള്ള എ.ഐ കമ്പ്യൂട്ടിംഗ് ഇക്കോസിസ്റ്റം നിർമ്മിക്കൽ
ഇന്ത്യ എ ഐ ഇന്നൊവേഷൻ സെന്റർ: തദ്ദേശീയമായ ലാർജ് മൾട്ടിമോഡൽ മോഡലുകളുടെയും (എൽ.എം.എം) ഡൊമെയ്ൻ അധിഷ്‌ഠിത അടിസ്ഥാന മോഡലുകളുടെയും വികസനവും വിന്യാസവും.
 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും വ്യക്തിപരമല്ലാത്ത ഡാറ്റാസെറ്റുകളിൽ പ്രവേശനത്തിന് ഏകീകൃത ഡാറ്റ പ്ലാറ്റ്ഫോം.
 ഇന്ത്യ എ.ഐ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ്: നിർണായക മേഖലകളിലെ എ.ഐ ആപ്ലിക്കേഷനുകളെ പ്രോത്സാഹിപ്പിക്കാൻ
 ഇന്ത്യ എ.ഐ ഫ്യൂച്ചർ സ്കിൽ: ബിരുദ, മാസ്റ്റേഴ്സ്, പിഎച്ച്ഡി കോഴ്സുകളും അടിസ്ഥാന കോഴ്സുകളും. എ.ഐ ലാബുകൾ.
 ഇന്ത്യ എഐ സ്റ്റാർട്ടപ്പ് ഫിനാൻസിംഗ്: എഐ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട്.
 സുരക്ഷിത എ.ഐ ഉറപ്പാക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ