
ന്യൂഡൽഹി: നിർദ്ധന വിഭാഗങ്ങൾക്ക് 300 രൂപ നിരക്കിൽ പാചകവാതക സബ്സിഡി നൽകുന്ന ഉജ്ജ്വല യോജന പദ്ധതി തുടരാൻ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. വർഷം 14.2 കിലോയുടെ 12 സിലിണ്ടറുകൾ സബ്സിഡി നിരക്കിൽ ലഭിക്കുന്ന പദ്ധതി 10.27 കോടിയിലധികം പേർക്ക് പ്രയോജനമാകും. 2024-25ൽ 12,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് സബ്സിഡി തുക നൽകുന്നത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വ്യവസായ വികസനവും തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന ഉന്നതി (ഉത്തർ പൂർവ ട്രാൻസ്ഫോർമേറ്റീവ് ഇൻഡസ്ട്രിയലൈസേഷൻ സ്കീം) പദ്ധതിക്ക് 10 വർഷത്തേക്ക് 10,037 കോടി രൂപ വകയിരുത്തി. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്.
ശമ്പളവിതരണം
പൂർത്തിയായെന്ന്
സർക്കാർ
തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധി മൂലം അവതാളത്തിലായ ശമ്പളവിതരണം ഇന്നലെ പൂർത്തിയായെന്ന് സർക്കാർ അറിയിച്ചു.ഇനിയും കിട്ടാത്തവർക്കും മുടങ്ങിയവർക്കും ഇന്ന് നൽകും.ശമ്പളവും പെൻഷനും പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ അൻപതിനായിരം രൂപയുടെ പരിധി നീക്കിയിട്ടില്ല.ഇതിൽ പിന്നീട് തീരുമാനമെടുക്കും.
സാധാരണ മാസത്തിലെ ആദ്യപ്രവൃത്തിദിവസം തുടങ്ങി നാലുദിവസമാണ് ശമ്പളവും പെൻഷനും നൽകുന്നത്. ഇക്കുറി ഏഴ് ദിവസമെടുത്തു. പെൻഷൻ വിതരണം ആദ്യദിവസങ്ങളിൽ തന്നെ പൂർത്തിയായിരുന്നു. ശമ്പളം ആദ്യ രണ്ടുദിവസവും ആർക്കും കിട്ടിയില്ല. മൂന്നാം ദിവസം മുതലാണ് ലഭിച്ചത്. സാങ്കേതിക കാരണമെന്നായിരുന്നു ആദ്യവിശദീകരണം.പിന്നീട് സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നമെന്ന വിലയിരുത്തലുണ്ടായി. 5.12ലക്ഷം ജീവനക്കാർക്കാണ് ശമ്പളം നൽകുന്നത്. പെൻഷനും ശമ്പളത്തിനുമായി 5600കോടിയാണ് വേണ്ടത്.
കോൺഗ്രസിന്റെ
വിശ്വാസ്യത പോയി:
എം.വി.ഗോവിന്ദൻ
തൃശൂർ : ബി.ജെപി.യിലേക്ക് ചേക്കേറാൻ കോൺഗ്രസ് നേതാക്കൾക്ക് മടിയില്ലാതായെന്നും കോൺഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നാളെ ആരാണ് ബി.ജെ.പിയിലേക്ക് പോകുകയെന്ന് പറയാനാകാത്ത സ്ഥിതിയാണ്. കേരളത്തിൽ രണ്ടക്ക സീറ്റുകൾ കിട്ടുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. കേരളത്തിൽ ബി.ജെ.പി ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാം. ജയിച്ചുവരുന്ന കോൺഗ്രസുകാരിൽ നല്ലൊരു വിഭാഗം അവരുടെ കൂടെ നിൽക്കുമെന്നാണ് അവർ കണക്കാക്കുന്നത്. ജനം എങ്ങനെയാണ് കോൺഗ്രസിനെ വോട്ട് ചെയ്ത് വിജയിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
വിജിലൻസ് മിന്നൽ പരിശോധന
92% ചരക്കുവണ്ടികളിലും ഓവർലോഡ്
തിരുവനന്തപുരം: ചരക്കുവാഹനങ്ങളിൽ 92ശതമാനവും അമിതലോഡ് വഹിക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. 12 ശതമാനം വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തിയെന്നും 30 ശതമാനം ലോറികൾ പാസില്ലാതെ ചരക്കു കടത്തുന്നതായും കണ്ടെത്തി.
'ഓപ്പറേഷൻ ഓവർലോഡ്- 3" എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. 347 വാഹനങ്ങൾ പരിശോധിച്ചതിൽ 319ലും ഓവർലോഡ് കണ്ടെത്തി. 107വാഹനങ്ങൾക്ക് പാസുണ്ടായിരുന്നില്ല. 42വാഹനങ്ങൾ രൂപമാറ്റം വരുത്തിയവയാണ്. 65ഇടത്തായി നടത്തിയ പരിശോധനയിൽ 1.36കോടി പിഴയിട്ടു. ഏറ്റവും കൂടുതൽ പിഴ ചുമത്തിയത് പാലക്കാട്ടാണ്, 19,05,704 രൂപ.
അമിതഭാരം കയറ്റിയതിനു മോട്ടോർ വാഹനവകുപ്പ് 65,46,113ഉം റോയൽറ്റി വെട്ടിപ്പിനു മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് 63,94,543ഉം നികുതി വെട്ടിപ്പിനു ജി.എസ്.ടി വകുപ്പ് 7,12,614 രൂപയും പിഴ ചുമത്തി. രൂപമാറ്റം വരുത്തിയതും അമിതഭാരം കയറ്റിയതുമായ വാഹനങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കാറില്ലെന്നും കണ്ടെത്തി. ക്വാറി ഉടമകളും ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നു. ക്രമക്കേടുകളെക്കുറിച്ച് സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ്കുമാർ പറഞ്ഞു.