
# പുതിയ വില 810 രൂപ
ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കേ, വനിതാ ദിനമായ ഇന്നലെ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇളവ് പ്രഖ്യാപിക്കുകയായിരുന്നു. ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുത്തനെ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
14.2 കിലോഗ്രാമിന്റെ എൽ.പി.ജി സിലിണ്ടറിന്റെ കൊച്ചി വില 910 രൂപയിൽ നിന്ന് 810 രൂപയ്ക്ക് അടുത്തേക്ക് താഴും. സംസ്ഥാന നികുതിയിലെ വ്യത്യാസം മൂലം വിലയിൽ നേരിയ വ്യതിയാനമുണ്ടായേക്കും.
പാചകവാതക സിലിണ്ടറിന്റെ വിലയിലെ കുറവ് നാരീ ശക്തിക്ക് പ്രയോജനമാണെന്ന് പ്രധാനമന്ത്രി സമൂഹമാദ്ധ്യമമായ 'എക്‌സിൽ' കുറിച്ചു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ ജീവിതം എളുപ്പമാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും വിശദീകരിച്ചു.
വിദ്യാഭ്യാസം, സംരംഭകത്വം, കൃഷി, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ സംരംഭങ്ങളിലൂടെ സ്ത്രീകളെ ശാക്തീകരിക്കാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നിർദ്ധന വിഭാഗങ്ങൾക്ക് 300 രൂപ നിരക്കിൽ പാചകവാതക സബ്‌സിഡി നൽകുന്ന ഉജ്ജ്വല യോജന പദ്ധതി തുടരാൻ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ തീരുമാനിച്ച പശ്ചാത്തലത്തിൽ
പൊതുവിഭാഗത്തിനും ഇളവ് ഉറപ്പായിരുന്നു.